ഒടുവിൽ ലയണൽ മെസ്സിയുടെ അടുത്ത തട്ടകം ഏതെന്ന ചർച്ചകൾക്ക് അവസാനമാകുന്നു. താരം ഇന്റർ മയാമിയിൽ കരാർ ഒപ്പിടുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റെലോവോ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്ത മറ്റു മധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. ഇതോടെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി താരവുമായി ചേർന്ന് കേൾക്കുന്ന ക്ലബ്ബിലേക്ക് തന്നെ ഒടുവിൽ മെസ്സി ചേക്കേറുകയാണ്. ഇന്റർ മയാമിക്കും ഇത് വലിയൊരു കാത്തിരിപ്പിന് ശുഭകരമായ അന്ത്യമാണ്.
രണ്ടു വർഷത്തെ കരാർ ആണ് മെസ്സി അമേരിക്കൻ ക്ലബ്ബിൽ ഒപ്പിടുക എന്നാണ് സൂചന. അതേ സമയം ഇന്റർ മയാമി താരത്തിന് നൽകുന്ന കാരറിനെ കുറിച്ച് “ദ് അത്ലറ്റിക്” സൂചന നൽകി. മുൻപ് ഡേവിഡ് ബെക്കാമിന് ലഭിച്ച തരത്തിൽ ഉള്ള ഓഫർ ആണ് മെസ്സിക്കും ലഭിക്കുക. മത്സര സംപ്രേക്ഷണാവകാശത്തിന്റെ ഒരു വിഹിതം, ആഡിഡാസിന്റെ ഉൽപന്നങ്ങളുടെ ഒരു വിഹിതം എന്നിവ ഉൾപ്പടെ താരത്തിന് സ്വന്തമാക്കാൻ ആവും എന്നാണ് അത്ലറ്റിക്കിന്റെ ഭാഷ്യം.
മെസ്സി ഉടനെ തന്നെ തന്റെ ഭാവിയെ കുറിച്ചു തീരുമാനം എടുത്തേക്കും എന്നും സൗദിയിലേക്ക് പോയേക്കില്ല എന്നും കഴിഞ്ഞ മണിക്കൂറുകളിൽ തന്നെ സൂചന ലഭിച്ചു. എന്നാൽ താരത്തിന് മുന്നിൽ ഇതുവരെ ഔദ്യോഗിക ഓഫർ സമർപ്പിക്കാൻ സാധിക്കാതെ പോയ ബാഴ്‌സയുടെ നീക്കമാണ് ഏറ്റവും നിർണായകമായത്. അടുത്ത ദിവസങ്ങളിലും ബാഴ്‌സക്ക് ഇതിന് സാധിക്കില്ലെന്ന് ഉറപ്പാണ്. സെർജിയോ ബുസ്ക്വറ്റ്സ് അടക്കമുള്ള താരങ്ങൾ മെസ്സിക്കൊപ്പം ഇന്റർ മയാമിയിൽ എത്തിയേക്കും.