നാളുകൾ നീണ്ട വ്യക്തത ഇല്ലായ്മക്ക് ശേഷം മാഞ്ചസ്റ്റർ സിറ്റിയും ആർ.ബി ലൈപ്സിഗും ക്രൊയേഷ്യൻ പ്രതിരോധതാരം ജോസ്കോ ഗ്വാർഡിയോളിന്റെ കാര്യത്തിൽ ധാരണയിൽ എത്തുന്നു. നേരത്തെ താരം സിറ്റിയിൽ മെഡിക്കൽ നടത്തി എന്ന വാർത്ത അടക്കം പുറത്ത് വന്നിരുന്നു. എന്നാൽ ഈ വാർത്തകൾ ജർമ്മൻ ക്ലബ് നിഷേധിച്ചിരുന്നു. നിലവിൽ 90 മില്യൺ യൂറോയിൽ അധികം നൽകി ആവും താരത്തെ സിറ്റി സ്വന്തമാക്കുക എന്നാണ് റിപ്പോർട്ട്.
ട്രാൻസഫർ പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും വില കൂടിയ പ്രതിരോധ താരമായി ഗ്വാർഡിയോൾ മാറും എന്നും ഫബ്രീസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. കാര്യങ്ങൾ വിചാരിച്ച പോലെ നടന്നാൽ ക്രൊയേഷ്യൻ താരം വെള്ളിയാഴ്ച മാഞ്ചസ്റ്റർ സിറ്റിയിൽ മെഡിക്കൽ പൂർത്തിയാക്കും എന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തു. ട്രബിൾ നേടിയ മാഞ്ചസ്റ്റർ സിറ്റി ഈ സീസണിലും ടീം ശക്തമാക്കുക ആണ്. നേരത്തെ മറ്റൊരു ക്രൊയേഷ്യൻ താരം കൊവാചിചിനെയും സിറ്റി ടീമിൽ എത്തിച്ചിരുന്നു.