വെസ്ലി ഫോഫാനക്ക് വേണ്ടി ലെസ്റ്ററിന് മുന്നിൽ പുതിയ ഓഫർ നൽകാൻ ചെൽസി. തങ്ങൾ നൽകിയ മൂന്നാമത്തെ ഓഫറും ലെസ്റ്റർ തള്ളിക്കളഞ്ഞതിന് പിറകെയാണ് ചെൽസി അടുത്ത ഓഫറുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. എഴുപത്തിയഞ്ചു മില്യൺ പൗണ്ട് ആവും അടിസ്ഥാന ഓഫർ എന്നാണ് സൂചന. ഇതിന് പുറമെ ആഡ്-ഓണുകളും ചേർക്കും. അവസാനം എഴുപത് മില്യൺ പൗണ്ടിന്റെ ഓഫർ ആയിരുന്നു ചെൽസി സമർപ്പിച്ചിരുന്നത്.
നേരത്തെ ടീം മാറ്റത്തിന് വേണ്ടി ഫോഫാനയുടെ ഭാഗത്ത് നിന്നും കടുത്ത സമ്മർദ്ദമാണ് ചെൽസി നേരിടുന്നത്. പരിശീലനത്തിന് എത്താതിരുന്ന താരത്തെ യൂത്ത് ടീമിനോടൊപ്പം പരിശീലനത്തിന് അയക്കുകയായിരുന്നു കോച്ച് റോജേഴ്‌സ്. ഈ വാരം ലീഗിൽ ചെൽസിയെ നേരിടുന്ന ലെസ്റ്റർ ടീമിൽ ഫോഫാന ഉണ്ടാവില്ല. ആഡ്-ഓണുകളും ചേർത്ത് 80-85 മില്യൺ പൗണ്ടിന്റെ ഓഫർ ആകുന്നതോടെ ലെസ്റ്റർ കൈമാറ്റത്തിന് സമ്മതിക്കും എന്ന പ്രതീക്ഷയിൽ ആണ് ചെൽസി. ട്രാൻസ്ഫർ വിൻഡോ അവസാന ദിവസങ്ങളിലേക്ക് കടന്നതോടെ കൈമാറ്റ നീക്കങ്ങൾ എല്ലാം ചെൽസിക്ക് വേഗത്തിൽ ആക്കേണ്ടതുണ്ട്.