കോമാൻ തുടരുമെന്ന് ഉറപ്പായി, ഡിപായ് ഉടൻ ബാഴ്സയിൽ എത്തും

20210604 113415
Credit: Twitter

കോമാൻ ബാഴ്സലോണയിൽ തുടരും എന്ന് ഉറപ്പായതോടെ ബാഴ്സലോണ അടുത്ത സൈനിംഗിലേക്ക് കടക്കുകയാണ്. ഡച്ച് താരം മെംഫിസ് ഡിപായ് ആകും ബാഴ്സലോണയിലേക്ക് എത്തുന്നത്‌. താരം ഉടൻ ബാഴ്സലോണയിൽ കരാർ ഒപ്പുവെക്കും. കോമാന്റെ ഇഷ്ടതാരമാണ് ഡിപായ്. മുമ്പ് ഡച്ച് ടീമിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. കോമാൻ തുടരുമോ എന്ന സംശയമായിരുന്നു ഇത്രയും ദിവസം ഡിപായുടെ ട്രാൻസ്ഫർ വൈകാൻ കാരണം.

മൂന്ന് വർഷത്തെ കരാർ ആകും താരം ഒപ്പുവെക്കുക. ബാഴ്സലോണ കഴിഞ്ഞ സീസൺ മുതൽ സ്വന്തമാക്കാൻ ശ്രമിക്കുന്ന താരമാണ് മെംഫിസ് ഡിപായ്. ഈ സീസണോടെ ലിയോൺ വിടും എന്നു ഡിപായ് നേരത്തെ പറഞ്ഞിരുന്നു. ഡിപായ്ക്ക് 2024വരെയുള്ള കരാർ ആണ് ബാഴ്സലോണ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഫ്രീ ഏജന്റാണ് ഡിപായ്.

അവസാന കുറേ കാലമായി ഗംഭീര ഫോമിലാണ് ഡിപായ് കളിക്കുന്നത്. ഒരു സീസൺ മുമ്പ് ലിയോണിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ വരെ എത്തിക്കുന്നതിൽ വലിയ പങ്ക് ഡിപായ് വഹിച്ചിരുന്നു. അവസാന വർഷങ്ങളിൽ ലിയോണിന്റെ ഏറ്റവും മികച്ച താരമായിരുന്നു ഡിപായ്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണ്. യുണൈറ്റഡ് വിട്ട് ലിയോണിൽ എത്തിയ ഡിപായ് ഇതുവരെ ക്ലബിനായി 100ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 50ൽ അധികം ഗോളുകളും നേടിയിട്ടുണ്ട്. ഹോളണ്ടിനു വേണ്ടിയും ഗംഭീര പ്രകടനമാണ് ഡിപായ് ഇപ്പോൾ നടത്തുന്നത്.

Previous articleക്രിസ് ഗ്രീനുമായി കരാറിലെത്തി മിഡിൽസെക്സ്
Next articleവിവാദ ട്വീറ്റുകൾ, പ്രകടനം മികച്ചതെങ്കിലും റോബിൻസണിന് ടീമിലെ സ്ഥാനം നഷ്ടമായേക്കും