ലീഡ്സിന്റെ ഡാനിയൽ ജെയിംസിനെ തേടി സ്പർസ്

ലീഡ്സിന്റെ മുന്നേറ്റ താരം ഡാനിയൽ ജെയിംസിനെ ടീമിൽ എത്തിക്കാൻ ടോട്ടനം. ടീമുകൾ തമ്മിൽ കഴിഞ്ഞ വാരം ചർച്ച നടത്തിയതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. അതേ സമയം മുൻ നിരയിൽ റാഫിഞ്ഞയെ നഷ്ടമായ ലീഡ്സിന് ജെയിംസിനെ ടീമിൽ നിലനിർത്താൻ തന്നെയാണ് താൽപര്യം. ഓഫർ വന്നെങ്കിലും താരം ഇതുവരെ മനസ് തുറന്നിട്ടില്ല. ലോണിൽ താരത്തെ എത്തിക്കാൻ ആണ് ടോട്ടനം ശ്രമം. ശേഷം താരത്തെ സ്വന്തമാക്കാനും കഴിയുന്ന തരത്തിലാണ് അവരുടെ ഓഫർ. അതേ സമയം എവർടനും ജെയിംസിന് വേണ്ടി ലീഡ്സിനെ സമീപിച്ചിരുന്നു.

മുൻ യുനൈറ്റഡ് താരമായ ഡാനിയൽ ജെയിംസ് കഴിഞ്ഞ വർഷം ടീമിൽ എത്തിയ ശേഷം മുൻ നിരയിലെ ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യമാണ്. അവസാന സീസണിൽ മുപ്പത്തിരണ്ട് ലീഗ് മത്സരങ്ങൾ അടക്കം മുപ്പത്തിയഞ്ച് മത്സരങ്ങൾ ടീമിനായി ഇറങ്ങി. നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളും ലീഡ്സിനായി നേടാൻ ഈ അതിവേഗ താരത്തിനായി. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇരിക്കെ താരത്തിന്റെ കൂടി മനസിലിരിപ്പ് അറിയാൻ കാത്തിരിക്കുകയാണ് ടോട്ടനം. ടീമിലേക്ക് കുളുസേവ്കി, റിച്ചാർലിസൻ എന്നിവർക്ക് പുറമെ ജെയിംസ് കൂടി എത്തുന്നത് ടീമിന്റെ മുൻ നിരക്ക് കൂടുതൽ മൂർച്ച നൽകും എന്ന് സ്പർസ് കണക്ക് കൂട്ടുന്നു.