ബ്രസീലിന്റെ യുവപ്രതിഭകളിൽ ഒരാളായ മാത്യുസ് മാർട്ടിൻസ് വാട്ഫോഡിലേക്ക് എത്തും. താരത്തെ എത്തിക്കാനുള്ള കരാർ പൂർത്തിയായതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. ഇംഗ്ലീഷ് ടീമിലേക്കാണ് എത്തുന്നത് എങ്കിലും ഉദിനീസ് ആണ് ഫ്ലൂമിനൻസിൽ നിന്നും മാർട്ടിൻസിനെ കൊണ്ടു വരുന്നത്. ശേഷം വാട്ഫോഡിലേക്ക് ലോണിൽ അയക്കാൻ ആണ് നീക്കം. സങ്കീർണമായ കൈമാറ്റം ആണെങ്കിലും ഇരു ടീമുകളുടെയും ഉടമസ്ഥരായ പൊസോ കുടുംബം ആണ് നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ആറു മില്യൺ യൂറോ ആണ് കൈമാറ്റ തുക. മൂന്ന് മില്യണിന്റെ ആഡ് – ഓണുകളും ചേർത്തിട്ടുണ്ട്. കൂടാതെ ഭാവിയിൽ കൈമാറുകയാണെങ്കിൽ അതിന്റെ പത്ത് ശതമാനവും ബ്രസീലിയൻ ക്ലബ്ബിന് നേടാൻ ആവും.
പത്തൊൻപതുകാരനായ മാർട്ടിൻസ് നിലവിൽ ബ്രസീലിന്റെ അണ്ടർ – 20 ടീമിന്റെ ഭാഗം കൂടിയാണ്. ലീഡ്സ് അടക്കമുള്ള ടീമുകളും നേരത്തെ താരത്തിനെ നോട്ടമിട്ടിരുന്നു. ലെഫ്റ്റ് വിങ്ങിൽ കളിക്കുന്ന താരം ഫ്ലൂമിനൻസിനായി മുപ്പതോളം ലീഗ് മത്സരങ്ങളിൽ നിന്നും മൂന്ന് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഫ്ലൂമിനൻസിൽ നിന്നും വാട്ഫോഡിൽ എത്തിയ ജാവോ പെഡ്രോയുടെ വഴിയിൽ ആണ് മാർട്ടിൻസും വരുന്നത്. പെഡ്രോയെ ന്യൂകാസിൽ നോട്ടമിട്ടിട്ടുള്ളതിനാൽ ആ സ്ഥാനത്തേക്ക് മറ്റൊരു ബ്രസീലിയൻ താരത്തെ തന്നെ എത്തിക്കാം എന്നാണ് വാട്ഫോഡ് കണക്ക് കൂട്ടുന്നതും.