പ്രതിഭകളുടെ കലവറയായ ബ്രസീലിന്റെ പുതിയ തരോദയം എൻഡ്രിക് ഫെലിപ്പേക്ക് പിറകെ യൂറോപ്പിലെ വമ്പന്മാരുടെ നിര. 2006ൽ ജനിച്ച വെറും പതിനാറു വയസുകാരന്റെ കഴിവുകൾ ഇപ്പോൾ തന്നെ യൂറോപ്പിൽ പാട്ടാണ്. തുടക്കം മുതൽ റയലും ബാഴ്‌സയും ആണ് കാര്യമായി നീക്കങ്ങൾ നടത്തിയിരുന്നത് എങ്കിൽ ഇപ്പോൾ പിഎസ്ജി, ചെൽസി, റയൽ എന്നിവരാണ് എൻഡ്രികിന് പിറകെ കൂടിയിട്ടുള്ളത്. ഏകദേശം അറുപത് മില്യൺ യൂറോയാണ് താരത്തിന്റെ പാൽമിറാസുമായുള്ള റിലീസ് ക്ലോസ്. ഇരുപത് മില്യണോളം പിഎസ്ജി വാഗ്‌ദാനം ചെയ്തതായും നേരത്തെ വാർത്തകൾ വന്നിരുന്നു. താരത്തിന് പതിനെട്ടു വയസ് തികയുന്ന 2024ൽ മാത്രമേ എത്തിക്കാൻ കഴിയൂ എങ്കിലും ഇപ്പോൾ തന്നെ വലിയ മത്സരമാണ് എൻഡ്രികിന് വേണ്ടി നടക്കുന്നത്.
പാൽമിറാസ് സീനിയർ ടീമിന് വേണ്ടി വെറും അഞ്ച് മത്സരങ്ങൾ മാത്രമാണ് ഇതുവരെ കളിച്ചിട്ടുള്ളത്. മൂന്ന് ഗോളുകളും നേടി. താരത്തെ ബ്രസീലിന്റെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമായിരുന്നു എന്ന് കഴിഞ്ഞ ദിവസം ഇതിഹാസ താരം റൊണാൾഡോ അഭിപ്രായപ്പെട്ടിരുന്നു. പാൽമിറാസിന്റെ ചാരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോളടിക്കാരനും കൂടിയാണ് എൻഡ്രിക്. അടുത്ത കാലത്ത് ബ്രസീലിൽ നിന്നും വിനിഷ്യസ്, റോഡ്രിഗോ തുടങ്ങി മികച്ച താരങ്ങളെ എത്തിച്ച റയൽ എൻഡ്രിക്കിലും കണ്ണു വെച്ചിട്ടുണ്ടെങ്കിൽ മറ്റ് ക്ലബ്ബുകൾക്ക് കാര്യം ദുഷ്കരമാകും.