ഫ്രഞ്ച് താരം ഓസ്മാൻ ഡെംബലെയുടെ പിഎസ്ജിയിലേക്കുള്ള കൈമാറ്റം വൈകുന്നു. താരത്തെ കൈമാറാൻ ബാഴ്‌സലോണയും പിഎസ്ജിയും തമ്മിൽ ധാരണയിൽ ആയെങ്കിലും റിലീസ് ക്ലോസിൽ തട്ടിയാണ് ഇപ്പോൾ ബാക്കി നടപടികൾ വൈകുന്നത് എന്ന് മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നു. പിഎസ്ജി നൽകുന്ന റിലീസ് ക്ലോസിന്റെ പകുതി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന താരത്തിന്റെയും എജെന്റിന്റെയും വാദം ബാഴ്‌സലോണ അംഗീകരിച്ചിട്ടില്ല. ഇതോടെ കൈമാറ്റം പൂർത്തിയാക്കാൻ വേണ്ട ഫയൽ നീക്കം അടക്കമുള്ള തുടർ നടപടികൾ വൈകിപ്പിക്കുകയാണ് ബാഴ്‌സലോണ. കൂടാതെ അമേരിക്കൻ ടൂറിന് ശേഷം ഇന്ന് പുനരാരംഭിക്കുന്ന ടീമിന്റെ പരിശീലനത്തിൽ പങ്കെടുക്കാൻ ഡെമ്പലെയെ അറിയിച്ചിട്ടും ഉണ്ട്. ഇതോടെ താരത്തിന്റെ ട്രാൻസ്ഫർ പൂർത്തിയാവാൻ കൂടതൽ ദിവസം എടുക്കും എന്നുറപ്പായി.
പിഎസ്‌ജി നൽകുന്ന 50 മില്യൺ യൂറോയുടെ റിലീസ് ക്ലോസിൽ 25 മില്യൺ താരത്തിന് അർഹതപ്പെട്ടതാണെന്ന വാദം ബാഴ്‌സലോണ തള്ളുകയാണ്. ഇതിന് വേണ്ട നിബന്ധനകൾ താരം പൂർത്തിയാക്കിയിട്ടില്ലേന്നാണ് ടീമിന്റെ അവകാശം. ഇതു മൂലം താരത്തെ നിയമപരമായി ടീമിൽ നിലനിർത്താവുന്ന ഓഗസ്റ്റ് 21 വരെ നിലവിലെ സാഹചര്യം തന്നെ തുടരാനാണ് ബാഴ്‌സ മാനേജ്‌മെന്റ് ശ്രമിക്കുന്നത്. ഇത് ഡെമ്പലെയുടെ എജെന്റിന്റെ മുകളിലും പിഎസ്ജിക്ക് മുകളിലും സമ്മർദ്ദമേറ്റും. താരം ടീമിന്റെ നിർദേശപ്രകാരം ഇനി പരിശീലനത്തിന് എത്തുമോ എന്നതും കണ്ടറിയേണ്ടതാണ്. അതേ സമയം സൗദി ക്ലബ്ബ് അൽ ഹിലാൽ ഡെമ്പലെക്ക് മുന്നിൽ ഓഫർ വെച്ചതായി ആർഎംസി സ്‌പോർട് റിപ്പോർട്ട് ചെയ്തു. പിഎസ്‌ജി നൽകുന്നതിലും കൂടുതൽ ട്രാൻസ്ഫർ ഫീയും 100 മില്യൺ യൂറോയോളം താരത്തിന് വാർഷിക ശമ്പളവും അവർ വാഗ്ദാനം ചെയ്‌തെങ്കിലും താരം അത് നിരാകരിച്ചു കഴിഞ്ഞതായാണ് റിപോർട്ടുകൾ. എന്നാൽ ഈ ഓഫർ കൂടി കാരണമാണ് ബാഴ്‌സലോണ ഡെമ്പലെയുടെ ട്രാൻസ്ഫർ വൈകിപ്പിക്കുന്നത് എന്നും ആർഎംസി ചൂണ്ടിക്കാണിക്കുന്നു.
Download the Fanport app now!