ഔബമയങിന് വേണ്ടി ബാഴ്സലോണയുമായി ചർച്ച ആരംഭിക്കാൻ ചെൽസി

Nihal Basheer

ബാഴ്സലോണയുടെ ഔബമയങിനെ എത്തിക്കാനുള്ള ചെൽസിയുടെ ശ്രമങ്ങൾ മുന്നോട്ടു തന്നെ. ടൂഷലിന്റെ പ്രിയ താരങ്ങളിൽ ഒരാളെ കൂടാരത്തിൽ എത്തിക്കാനുള്ള നീക്കത്തിൽ ചെൽസി അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. താരവുമായി ചർച്ചകൾ നടത്തി ധാരണയിൽ എത്താൻ അവർക്ക് സാധിച്ചിട്ടുണ്ട്. വ്യക്തിപരമായ കരാറിൽ എത്താൻ തടസങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന് ഔബമയങിന്റെ ഭാഗത്ത് നിന്നും അറിയിച്ചിട്ടുണ്ട്.

നേരത്തെ ബാഴ്സലോണ വിടാൻ വിസമ്മതം അറിയിച്ചിരുന്ന താരത്തെ ചർച്ചകളിലൂടെ ടീം മാറാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത് ചെൽസിക്ക് നേട്ടമാണ്. ഇതിന് പിറകെ ബാഴ്‌സലോണയുമായി നേരിട്ട് ചർച്ചകൾക്ക് ഒരുങ്ങുകയാണ് ചെൽസി.

മുൻ നിരയിൽ സ്‌ട്രൈക്കറുടെ അഭാവം നേരിടുന്ന ചെൽസിക്ക് താരത്തെ എത്തിക്കേണ്ടത് അത്യാവശ്യമാണ്. അതേ സമയം കഴിഞ്ഞ സീസണിന്റെ പകുതിയിൽ ടീമിൽ എത്തി നിർണായക പ്രകടനം കാഴ്ച്ച വെച്ച താരത്തെ കൈവിടാൻ സാവിക്ക് പൂർണ സമ്മതമില്ല.

ബാഴ്സലോണ

ഏകദേശം മുപ്പത് മില്യൺ ആണ് ബാഴ്‌സലോണ താരത്തിന് ആവശ്യപ്പെടുന്ന തുക. തുടർന്നുള്ള ചർച്ചകളിൽ ഏറ്റവും വലിയ പ്രശ്നം ആവാൻ പോകുന്നതും ഈ തുക തന്നെ ആവും. ഉയർന്ന സാലറിയാണ് താരത്തെ കൈമാറാൻ ബാഴ്‌സയെ പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്ന്.

ഉദ്ദേശിച്ച കൈമാറ്റ തുകക്ക് പുറമെ ഈ സാലറിയും കൂടി ടീമിന് ലാഭിക്കാൻ കഴിഞ്ഞാൽ കുണ്ടേയെ രെജിസ്റ്റർ ചെയ്യാനും പുതിയ വലത് ബാക്കിനെ എത്തിക്കാനും ടീമിന് സാധിക്കും.

ബാഴ്‌സലോണ ഉദ്ദേശിക്കുന്നതിന്റെ പകുതി മാത്രമേ നൽകാൻ ചെൽസി സന്നദ്ധരാവുകയുള്ളൂ. മുപ്പത് കഴിഞ്ഞ ഒരു താരത്തിന് ഇത്രയും തുക മുടക്കുന്നത് നഷ്ടമാണ് താനും. പക്ഷെ ഡീപെയെ ഫ്രീ ഏജന്റ് ആകുകയും ഡി യോങ്ങിനെ കൈമാറാൻ സാധിക്കാതെ വരികയും ചെയ്യുന്ന ബാഴ്‌സക്ക് കുറച്ച് തുക സമാഹരിക്കാനുള്ള അവസാന വഴിയാണ് ഔബയും ഡെസ്റ്റും.