ലോകകപ്പ് ടീമിൽ ഇടം ലഭിയ്ക്കുമോ എന്നത് തന്റെ കൈവശമുള്ള കാര്യമല്ല, പക്ഷേ താന്‍ അതിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ട് – ദീപക് ചഹാര്‍

ആറ് മാസത്തോളം പരിക്കിന്റെ പിടിയിലായ ശേഷം ദീപക് ചഹാര്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ മൂന്ന് വിക്കറ്റ് നേടിയാണ് താരം തന്റെ തിരിച്ചുവരവ് ആഘോഷിച്ചത്. താന്‍ എവിടെയാണോ നിര്‍ത്തിയത് അവിടെ നിന്ന് തുടങ്ങിയ പ്രതീതിയാണ് തനിക്കുള്ളതെന്ന് ദീപക് ചഹാര്‍ വ്യക്തമാക്കി. ആദ്യ ഓവറിൽ ചെറിയ റൺ-അപ്പ് പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും പിന്നീട് തനിക്ക് കാര്യങ്ങള്‍ എളുപ്പമായി തോന്നിയെന്നും ചഹാര്‍ വ്യക്തമാക്കി.

ഏഷ്യ കപ്പിനുള്ള ഇന്ത്യയുടെ റിസര്‍വ് സ്ക്വാഡിലാണ് താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തനിക്ക് ലോകകപ്പ് ടീമിൽ ഇടം ലഭിയ്ക്കുമോ എന്നത് തന്റെ കൈവശമുള്ള തീരുമാനം അല്ല എന്നാൽ താന്‍ അതിനായി നല്ല കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് ദീപക് ചഹാര്‍ കൂട്ടിചേര്‍ത്തു.