ലോസ് ആഞ്ചലസ് ഗാലക്‌സി താരം ഹുലിയൻ അരോഹോക്ക് വേണ്ടി വീണ്ടു ബാഴ്‌സലോണയുടെ ശ്രമം. എംഎൽഎസ് ടീമിന് മുൻപിൽ ബാഴ്‌സലോണ ഓഫർ സമർപ്പിച്ചതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. താരത്തെ ലോണിൽ എത്തിക്കാൻ ആണ് ശ്രമം. എന്നാൽ ആദ്യ ഓഫറിനോട് ലോസ് ആഞ്ചലസ് ഗാലക്‌സി മുഖം തിരിച്ചിട്ടുണ്ട്. ലോണിൽ താരത്തെ കൈമാറാൻ അവർക്ക് താത്പര്യമുണ്ടാകില്ല എന്നാണ് സൂചനകൾ. പക്ഷെ അരോഹോക്ക് സ്പാനിഷ് ക്ലബ്ബിലെത്താൻ പൂർണ സമ്മതമാണ്.
റൈറ്റ് ബാക്ക് സ്ഥാനത്ത് പ്രശ്നങ്ങൾ നേരിടുന്ന ബാഴ്‌സക്ക് ഹെക്ടർ ബെല്ലറിൻ ടീം വിട്ടതോടെയാണ് പകരക്കാരെ തേടേണ്ടി വന്നത്. താരം സ്പോർട്ടിങ്ങിലേക്കാണ് ചേക്കേറിയത്. നിലവിൽ ജൂൾസ് കുണ്ടേയാണ് മിക്കപ്പോഴും സാവി റൈറ്റ് ബാക്ക് ആയി ഉപയോഗിക്കുന്നത്. സെർജി റോബർട്ടോ കൂടി ഉള്ള സാഹചര്യത്തിൽ മികച്ച പകരക്കാരെ ആണ് ടീം തേടുന്നത്. ബയേണിൽ നിന്നും പവർഡിനെ എതിക്കാമെങ്കിലും നിലവിലെ സാമ്പത്തിക സ്ഥിതി അതിന് അനുവദിക്കില്ല. ഹുലിയൻ അരോഹോയെ ബാഴ്‌സലോണ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലും നോട്ടമിട്ടിരിന്നു. എന്നാൽ അമേരിക്കയിലെ ബാഴ്‌സ അക്കാദമിയിൽ പരിശീലനം നേടിയിട്ടുള്ള താരത്തെ എത്തിക്കാൻ അന്നും സാധിക്കാതെ പോയി.