പോർച്ചുഗീസ് മുന്നേറ്റ താരം ആന്ദ്രേ സിൽവയെ അണിയിൽ എത്തിച്ച് റയൽ സോസിഡാഡ്. താരത്തെ ഒരു വർഷത്തെ ലോണിലാണ് ലെപ്സിഗിൽ നിന്നും കൊണ്ടു വരുന്നത്. സീസണിന് ശേഷം 15 മില്യൺ യൂറോ നൽകി സിൽവയെ സ്വന്തമാക്കാനുള്ള സാധ്യതയും സോസിഡാഡിന് മുൻപിൽ ഉണ്ടാവും. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ സീസണിൽ മുൻ നിര ശക്തമാക്കാനുള്ള ടീമിന്റെ നീക്കങ്ങളുടെ ഭാഗമായാണ് ആന്ദ്രെ സിൽവയുടെ ട്രാൻസ്ഫർ. നേരത്തെ മറ്റൊരു മുന്നേറ്റ താരമായ സോർലോത്തിനെ സോസിഡാഡ് വിയ്യാറയലിലേക്ക് കൈമാറിയിരുന്നു.
അതേ സമയം ഇപ്പോഴും പരിക്കിന്റെ പിടിയിലാണ് ആന്ദ്രേ സിൽവ. മൂന്ന് മാസങ്ങൾക്ക് മുൻപ് മുട്ടിന് പരിക്കേറ്റ ശേഷം കളത്തിൽ ഇറങ്ങിയിട്ടില്ലെങ്കിലും മെഡിക്കൽ പരിശോധനകളുടെ ഒരു ഭാഗം സിൽവ സോസിഡാഡിൽ പൂർത്തിയാക്കിയതായി മുണ്ടോ ഡിപോർടിവോ സൂചിപ്പിച്ചു. എന്നാൽ ലീഗിന്റെ തുടക്ക മത്സരങ്ങളിൽ താരത്തിന്റെ സേവനം ടീമിന് ലഭിക്കില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ വാൻ ഡി ബിക്കിന് വേണ്ടിയും സോസിഡാഡ് രംഗത്തുണ്ട്. താൻ വളരെ സന്തോഷവാനാണെന്നും ലാ ലീഗയിലും സോസിഡാഡിലും കളിക്കുകയെന്ന ആഗ്രഹം ഇതോടെ സഫലമായെന്നും സിൽവ പ്രതികരിച്ചു. പരിക്കിൽ നിന്നുള്ള തിരിച്ചു വരവിന്റെ അവസാന ഘട്ടത്തിൽ ആണ് താനെന്ന് വെളിപ്പെടുത്തിയ സിൽവ, കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ടീമിന് മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്നും കൂട്ടിച്ചേർത്തു.