ഫ്‌യോറന്റിന താരം ലൂക്കാ യോവിച്ചിനെ സ്വന്തം പാളയത്തിൽ എത്തിച്ച് എസി മിലാൻ. ഒരു വർഷത്തെ ലോണിൽ ആണ് സെർബിയൻ താരം കൂടുമാറുന്നത്. കൈമാറ്റത്തിൽ ലോൺ ഫീ ഉൾപ്പെട്ടിട്ടില്ലേന്ന് ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ലോൺ കാലവധിക്ക് ശേഷം താരത്തെ മിലാൻ സ്വന്തമാക്കേണ്ടിയും വരില്ല. ഇതോടെ മുൻ നിരയിലേക്ക് യോജിച്ച താരത്തെ എത്തിക്കാനുള്ള മിലാന്റെ നീണ്ട ശ്രമത്തിനാണ് ട്രാൻസ്ഫർ വിൻഡോയുടെ അവസാന മണിക്കൂറുകളിൽ ഫലം കാണുന്നത്.
നേരത്തെ പോർട്ടോയിൽ നിന്നും മേഹ്ദി തെറെമി, ലെസ്റ്റർ താരം ഡാക്ക, സേവിയ്യയിൽ നിന്നും റഫാ മിർ എന്നിവർക്ക് വേണ്ടി മിലാൻ നീക്കം നടത്തിയിരുന്നു. തെറെമിയെ എത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ദിവസങ്ങൾ നീണ്ട ചർച്ചക്ക് ശേഷവും പോർട്ടോ വഴങ്ങാതെ വന്നതോടെയാണ് മറ്റ് താരങ്ങളെ ലക്ഷ്യമിട്ടത്. റഫാ മിറിനെ വിട്ടു കൊടുക്കാൻ സെവിയ്യയും തയ്യാറാകാതെ വന്നതോടെ യോവിച്ചിനെ എത്തിക്കാൻ മിലാൻ തീരുമാനിക്കുകയായിരുന്നു. ഫ്‌യോറന്റിന ആവട്ടെ, തങ്ങളുടെ പദ്ധതിയിൽ നിന്നും താരത്തെ നേരത്തെ നീക്കം ചെയ്തിരുന്നു. പ്രീ സീസണിലും യോവിച്ചിന് അവസരം ലഭിച്ചില്ല. മിലാനിലോട്ടു ചേക്കേറാനുള്ള സന്നദ്ധത താരം അറിയിച്ചിരുന്നെങ്കിലും അനുകൂലമായ മറുപടി അല്ല ആഴ്ച്ചകൾക്ക് മുന്നേ ലഭിച്ചത്. എന്നാൽ ഒടുവിൽ യോവിച്ചിനെ തന്നെ തങ്ങളുടെ കൂടാരത്തിൽ എത്തിക്കാൻ നിർബന്ധിതരാവുകയാണ് മിലാൻ. മറ്റൊരു മുന്നേറ്റ താരം ഡിവോക് ഒറീജി നോട്ടിങ്ഹാം ഫോറെസ്റ്റിലേക്ക് ചെക്കറിയിരുന്നു.
Download the Fanport app now!