എഫ്സി പോർട്ടോയുടെ ഇറാനിയൻ സ്‌ട്രൈക്കർ മെഹ്ദി തെറെമിക്ക് വേണ്ടി എസി മിലാൻ ശ്രമം തുടരുന്നു. താരത്തിന് വേണ്ടിയുള്ള ഓഫർ മിലാൻ ഉടൻ സമർപ്പിക്കുമെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 15 മില്യൺ യൂറോയുടെ ഓഫറാണ് മിലാൻ മുന്നോട്ടു വെക്കുകയെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. താരവുമായി നേരത്തെ ധാരണയിൽ എത്താൻ ടീമിന് സാധിച്ചിട്ടുണ്ട്.
അതേ സമയം പോർട്ടോ ആവശ്യപ്പെടുന്ന തുക നൽകാൻ മിലാൻ സന്നദ്ധമാവില്ല എന്നു തന്നെയാണ് സൂചന. ഏകദേശം 25 മില്യൺ യൂറോ ആണ് പോർച്ചുഗീസ് ക്ലബ്ബ് ആവശ്യപ്പെടുന്നത്. എന്നാൽ അടുത്ത വർഷത്തോടെ കരാർ അവസാനിക്കുന്ന താരത്തെ തങ്ങളുടെ നിലനിലെ ഓഫറിൽ തന്നെ ടീമിൽ എത്തിക്കാൻ സാധിക്കും എന്നാണ് മിലാൻ കരുതുന്നത്. താരവും ട്രാൻസ്ഫർ പൂർത്തിയാക്കാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്. 2020ൽ പോർട്ടോയിൽ എത്തിയ തറെമി, നൂറ്റിയൻപതോളം മത്സരങ്ങൾ ടീമിനായി ബൂട്ടു കെട്ടി. 80 ഗോളുകളും കുറിച്ചു. 31ന് കാരനെ മികച്ച ബാക്കപ്പ് സ്‌ട്രൈക്കർ ആയാണ് മിലാൻ ഉന്നമിടുന്നത്. മറ്റൊരു താരമായ സാലെമകെഴ്‌സ് ബൊളോഗ്നയിലേക്ക് ചേക്കേറുമെന്ന് ഉറപ്പാവുകയും ചെയ്തു. ട്രാൻസ്ഫർ വിൻഡോ അവസാന ദിവസങ്ങളിലേക്ക് കടന്നിരിക്കെ തറെമിയുടെ കൈമാറ്റം പൂർത്തിയാവാൻ തന്നെയാണ് എല്ലാസാധ്യതയും.