ആഴ്സണൽ മുൻ ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്ക ജർമ്മനിയിലേക്ക്. ജർമ്മൻ ക്ലബ്ബായ ഹെർത്ത ബെർലിനിലേക്കാണ് താരം പോവുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 25 മില്ല്യൺ യൂറോയോളം നൽകിയാവും ഷാക്കയെ തിരികെ ബുണ്ടസ് ലീഗയിൽ ഹെർത്ത ബെർലിൻ എത്തിക്കുക. നിലവിൽ ബുണ്ടസ് ലീഗയിൽ 12 ആം സ്ഥാനത്തുള്ള ഹെർത്തയുടെ പരിശീലകൻ ക്ലിൻസ്മാന്റെ നിർബന്ധപ്രകാരമാണ് താരത്തെ സ്വന്തമാക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
ഷാക്ക ബെർലിനിലെത്തിയാൽ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായിമാറും. ഇതാദ്യമായല്ല ഷാക്ക ബുണ്ടസ് ലീഗയിൽ കളിക്കുന്നത്. 2012 മുതൽ 2016 വരെ ബൊറുസിയ മോഷൻഗ്ലാഡ്ബാക്കിന്റെ താരമായിരുന്നു സ്വിസ്സ് താരമായ ഷാക്ക. രണ്ട് ലോകകപ്പുകളിലും യൂറോ കപ്പിലും സ്വിറ്റ്സർലാന്റിനെ പ്രതിനിധാനം ചെയ്ത ഷാക്ക 82 മത്സരങ്ങൾ കളിക്കുകയും 12 ഗോളുകൾ നേടിയിട്ടുമുണ്ട്. ആഴ്സണലിനൊപ്പം എഫ് എ കപ്പും കമ്മ്യുണിറ്റി ഷീൽഡും താരം നേടിയിട്ടുണ്ട്.