മുഹമ്മദ് കബാക് ലിവർപൂളിൽ തുടരില്ല

ഡിഫൻസിലെ പ്രശ്നങ്ങൾ തീർക്കാനായി അവസാന സീസൺ പകുതിക്ക് വെച്ച് ലിവർപൂൾ ടീമിൽ എത്തിയ കബാക് ലിവർപൂളിൽ തുടരാൻ സാധ്യതയില്ല. കബാകിന്റെ ലോൺ കാലാവധി തീർന്നാൽ താരം അദ്ദേഹത്തിന്റെ ക്ലബായ ഷാൽക്കെയിലേക്ക് തന്നെ പോകും. കബാകിനായി ഷാൽകെ വലിയ തുക ചോദിക്കുന്നത് കൊണ്ട് കബാകിനെ വാങ്ങേണ്ടതില്ല എന്നാണ് ലിവർപൂൾ തീരുമാനം.

വാൻ ഡൈകും ഗോമസും ഒക്കെ പരിക്കിന്റെ പിടിയിൽ ആയിരുന്നതിനാൽ ആയിരുന്നു കബാകിനെ ലിവർപൂൾ ടീമിൽ എത്തിച്ചത്. ലിവർപൂളിൽ ശരാശരിക്ക് മുകളിലുള്ള പ്രകടനം നടത്താൻ ആയി എങ്കിലും അതിന് അപ്പുറം ക്ലോപ്പിന്റെ ഇഷ്ടം സമ്പാദിക്കാനും കബാകിനായില്ല. കബാകിനെ ജർമ്മൻ ക്ലബായ ഷാൾക്കെ വിൽക്കാൻ തന്നെയാണ് സാധ്യത. നിരവധി ക്ലബുകൾ കബാകിനായി ഓഫറുമായി സജ്ജരാണ്. 20കാരനായ തുർക്കിഷ് താരം 2019 സീസണിൽ ആയിരുന്നു ഷാൾക്കെയിൽ എത്തിയത്. അതിനു മുമ്പ് സ്റ്ററ്റ്ഗടിലും ഗലറ്റസരെയിലും കളിച്ചിട്ടുണ്ട്.