പുതിയ സീസണായി ഒരുങ്ങുന്ന ബാഴ്സലോണ വലൻസിയയുടെ ഫുൾബാക്കായ ജോസെ ഗയയെ സൈൻ ചെയ്യാൻ ശ്രമിക്കുന്നു. 26കാരനായ താരം വലൻസിയ നൽകിയ പുതിയ കരാർ അംഗീകരിക്കാതെ നിൽക്കുകയാണ്. വലൻസിയ വിടാൻ തന്നെയാണ് താരം ആഗ്രഹിക്കുന്നത്. 2006 മുതൽ വലൻസിയക്ക് ഒപ്പം ഉള്ള താരമാണ് ഗയ. താരത്തെ എളുപ്പത്തിൽ വിട്ടു കൊടുക്കാൻ വലൻസിയ ഒരുക്കമായിരിക്കില്ല.
താരം അവസാന സീസണുകളിൽ വലൻസിയക്കായി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. സ്പാനിഷ് ദേശീയ ടീമിനായും ജോസെ ഗയ കളിച്ചിട്ടുണ്ട്. താരത്തെ ടീമിൽ എത്തിച്ച് ജോർദി ആൽബക്ക് ഒരു മത്സരം നൽകുകയാണ് ബാഴ്സലോണ മാനേജ്മെന്റിന്റെ ഉദ്ദേശം. വലൻസിയക്ക് ഒപ്പം രണ്ട് വർഷം മുമ്പ് നേടിയ കോപ ഡെൽ റേ കിരീടം മാത്രമാണ് ജോസെ ഗയയുടെ കരിയറിലെ കിരീടം. ബാഴ്സലോണ പോലെയൊരു വലിയ ക്ലബിലേക്ക് വരുന്നത് കൂടുതൽ കിരീടങ്ങൾ നേടാൻ സഹായകമാകും എന്ന് താരം വിശ്വസിക്കുന്നു. താരവും ബാഴ്സലോണയും തമ്മിലുള്ള ചർച്ചകൾ ആദ്യ ഘട്ടത്തിൽ മാത്രമാണ്.
 
					












