മാഞ്ചസ്റ്റർ സിറ്റിയുടെ യുവ സെന്റർ ബാക്ക് എറിക് ഗാർസിയക്കായി ബാഴ്സലോണ അവസാന ഔദ്യോഗിക ഓഫർ നൽകി. 15 മില്യൺ ആണ് ബാഴ്സലോണയുടെ പുതിയ ഓഫർ. ഈ ഓഫർ നിരസിച്ചാൽ പിന്നെ താരത്തിനായി ഈ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണ ശ്രമിക്കില്ല. നേരത്തെ ബാഴ്സലോണ വാഗ്ദാനം ചെയ്ത 10 മില്യന്റെ ഓഫർ സിറ്റി നിരസിച്ചിരുന്നു.
സിറ്റി 20 മില്യണോളമാണ് ഗാർസിയക്കായി ആവശ്യപ്പെടുന്നത്. മുൻ ബാഴ്സലോണ അക്കാദമി താരമായ ഗാർസിയ 2018ൽ ആയിരുന്നു ബാഴ്സലോണ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വന്നത്. അതിനു ശേഷം താരം സിറ്റിക്കൊപ്പം പ്രതീക്ഷ നൽകുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. പെപ് ഗ്വാർഡിയോളയുടെ വലിയ പ്രശംസയും ഗാർസിയ നേടിയിരുന്നു.
താരം നടത്തുന്ന മികച്ച പ്രകടനങ്ങളാണ് ബാഴ്സലോണക്ക് താരത്തെ വീണ്ടും സ്വന്തമാക്കണമെന്ന ആഗ്രഹം നൽകിയത്. 19കാരനായ ഗാർസിയ ബാഴ്സലോണയുടെ അക്കാദമയിൽ 9 വർഷത്തോളം കളിച്ചിരുന്നു. ഈ ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ സ്വന്തമാക്കാൻ ആയില്ല എങ്കിൽ അടുത്ത സീസണിൽ ഫ്രീ ട്രാൻസ്ഫറിൽ ബാഴ്സലോണ താരത്തെ സ്വന്തമാക്കും.