പ്ലാറ്റിനിക്ക് പണം കൈമാറിയ കേസിൽ ബ്ലാറ്ററും, പ്ലാറ്റിനിയും കുറ്റക്കാരല്ലെന്നു കണ്ടത്തി സ്വിസ് കോടതി

ഫിഫയിൽ നടന്ന അഴിമതി കേസിൽ ഒരണ്ണത്തിൽ മുൻ പ്രസിഡന്റ് സെപ്പ് ബ്ലാറ്ററും മുൻ വൈസ് പ്രസിഡന്റും യുഫേഫ പ്രസിഡന്റും ആയ മിഷേൽ പ്ലാറ്റിനിയും കുറ്റക്കാരല്ലെന്നു കണ്ടത്തി. ഫിഫയിലെ അഴിമതി അമേരിക്കയിൽ എഫ്.ബി.ഐ പുറത്ത് കൊണ്ട് വന്നതിനു പിന്നാലെ സൂറിച്ചിൽ നടന്ന പരിശോധനയിൽ ഏഴു ഫിഫ ഉദ്യോഗസ്ഥർ അറസ്റ്റിൽ ആവുക ആയിരുന്നു. തുടർന്ന് 2018, 2022 ലോകകപ്പ് വേദികൾ ഫിഫ അനുവദിച്ചതിൽ വലിയ അഴിമതി നടന്നതായി കണ്ടത്തപ്പെട്ടു. ഏതാണ്ട് ഈ സമയത്ത് ആണ് 2011 ൽ അന്നത്തെ യുഫേഫ പ്രസിഡന്റ് ആയ പ്ലാറ്റിനിക്കു 1.6 മില്യൺ യൂറോ അന്നത്തെ ഫിഫ പ്രസിഡന്റ് ബ്ലാറ്റർ ഫിഫയിൽ നിന്നു കൊടുത്ത വിവരം പുറത്ത് വരുന്നത്. പ്ലാറ്റിനി മുമ്പ് ഫിഫയുടെ ഉപദേശകനായി പ്രവർത്തിച്ചതിനു ഉള്ള പ്രതിഫലം ആയിരുന്നു ഇത് എന്നായിരുന്നു ഇരുവരും വാദിച്ചത്.

ആ വാദം ആണ് നിലവിൽ സ്വിസ് കോടതി അംഗീകരിച്ചത്. തന്റെ ജീവിതത്തിൽ താൻ നിരപരാധിയല്ല പക്ഷെ ഈ കേസിൽ താൻ നിരപരാധിയാണ് എന്നു പറഞ്ഞാണ് 87 കാരനായ ബ്ലാറ്റർ കേസിനെ നേരിട്ടത്. 1998 മുതൽ ഫിഫ പ്രസിഡന്റ് ആയ സ്വിസ് ബിസിനസുകാരൻ ആയ ബ്ലാറ്റർ നീണ്ട 17 കൊല്ലം ഫിഫയുടെ തലവൻ ആയിരുന്നു. കേസ് ജയിച്ചതിൽ ബ്ലാറ്റർ സന്തോഷം പങ്ക് വച്ചു. അഴിമതി ആരോപണത്തെ തുടർന്ന് 2015 ൽ രാജി വെക്കേണ്ടി വന്ന ബ്ലാറ്ററെ പിന്നീട് ഫുട്‌ബോളിൽ നിന്നു ദീർഘകാലം വിലക്കിയിരുന്നു. ഇതിഹാസ ഫുട്‌ബോൾ താരമായിരുന്ന മുൻ യൂറോ കപ്പ് ജേതാവും മൂന്നു തവണ ബാലൻ ഡിയോർ ജേതാവും ആയ പ്ലാറ്റിനി താൻ ആദ്യ മത്സരം ജയിച്ചു എന്നാണ് കേസിന്റെ വിധിയെ കുറിച്ചു പ്രതികരിച്ചത്.

20220708 202204

കളിയിൽ നിന്നു വിരമിച്ച ശേഷം ഫ്രാൻസ് പരിശീലകൻ ആയും തിളങ്ങിയ പ്ലാറ്റിനി 2007 ൽ ആണ് യുഫേഫ പ്രസിഡന്റ് ആവുന്നത്. അതിനു മുമ്പ് ഫിഫയുടെ വൈസ് പ്രസിഡന്റ് ആയും പ്ലാറ്റിനി പ്രവർത്തിച്ചിരുന്നു. ഫിഫ എതിക്‌സ് കമ്മിറ്റി, വിവിധ അന്വേഷണങ്ങൾ എന്നിവ എതിരായപ്പോൾ ആണ് പ്ലാറ്റിനിക്കും തന്റെ സ്ഥാനം രാജിവക്കേണ്ടി വന്നത്. ഇതിനു മുമ്പ് ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും എന്നു അറിയിച്ച പ്ലാറ്റിനിയുടെ സ്വപ്നവും ഇതോടെ അവസാനിച്ചു. തുടർന്ന് 2015 ൽ ദീർഘകാലത്തേക്ക് ഫുട്‌ബോളിൽ നിന്നു വിലക്കും മുൻ ലോക ഫുട്‌ബോളർ നേരിട്ടു. സത്യം ജയിച്ചത് ആയി പറഞ്ഞ പ്ലാറ്റിനി അനീതിക്ക് എതിരായ തന്റെ പോരാട്ടത്തിൽ ആദ്യ വിജയം തനിക്ക് നേടാൻ ആയത് ആയും പറഞ്ഞു. യഥാർത്ഥ കുറ്റവാളികൾ അല്ല വിചാരണ നേരിട്ടത് എന്നു പറഞ്ഞ പ്ലാറ്റിനി കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടു വരും വരെ തന്റെ നീതിക്കായുള്ള പോരാട്ടം തുടരും എന്നും വ്യക്തമാക്കി.