സി കെ വിനീതിന്റെ മികവിൽ ചെന്നൈയിൻ സൂപ്പർ കപ്പ് ക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ സീസണിലെ നിരാശ സൂപ്പർ കപ്പിൽ തീർക്കുകയാണ് ചെന്നൈയിൻ എഫ് സി. ഇന്ന് സൂപ്പർ കപ്പ് പ്രീക്വാർട്ടറിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റിക്ക് എതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ച് ക്വാർട്ടറിലേക്ക് മുന്നേറി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ രണ്ട് മിനുട്ടിനിടെ പിറന്ന രണ്ടു ഗോളുകളാണ് ചെന്നൈയിന് വിജയം നൽകിയത്. മലയാളി താരം സി കെ വിനീതിന്റെ മികവാണ് ചെന്നൈയിന് കരുത്തായത്.

ആകെ ഒരു വിദേശതാരവുമായി കളിക്കാൻ വന്ന മുംബൈ സിറ്റിക്ക് ഐ എസ് എല്ലിലെ മികവ് ഇന്ന് കാണിക്കാൻ ആയില്ല. എങ്കിലും മുംബൈക്ക് അനുകൂലമായി പോവുകയായിരുന്ന കളി മാറ്റിയത് സി കെ വിനീതിന്റെ ഒരു അത്ഭുത ഗോളായിരുന്നു. കളിയുടെ 43ആം മിനുട്ടിൽ ഒരു ലോംഗ് റേഞ്ചറിലൂടെ ആയിരുന്നു സി കെ യുടെ ഗോൾ. സി കെയുടെ മികച്ച സ്ട്രൈക്കുകളിൽ ഒന്നാണിത്. ആ ഗോൾ പിറന്ന അടുത്ത മിനുട്ടിൽ ജെജെയിലൂടെ ചെന്നൈയിൻ രണ്ടാം ഗോളും നേടി. ആ അറ്റാക്കിലും സി കെ വലിയ പങ്കുവഹിച്ചിരുന്നു.

രണ്ടാം പകുതിയിൽ ആ ലീഡ് നിലനിർത്തുക മാത്രമെ ചെന്നൈയിന് വേണ്ടിയിരുന്നുള്ളൂ. അത് വൃത്തിയായി ചെയ്യാൻ ചെന്നൈയിനായി. കാര്യമായ ആക്രമണങ്ങൾ നടത്താൻ ഒന്നും മുംബൈക്ക് ആയില്ല. ക്വാർട്ടറിൽ നോർത്ത് ഈസ്റ്റിനെയോ നെരോകയേ ആകും ചെന്നൈയിൻ നേരിടുക.