രണ്ടാമത് സൂപ്പർ കപ്പിന് ഇന്ന് തുടക്കമാകും. ഐ ലീഗ് ക്ലബുകളുടെ പ്രതിഷേധം കാരണം അനിശ്ചിതാവസ്ഥയിൽ ആണെങ്കിലും ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ യോഗ്യതാ റൗണ്ട് മത്സരം നടക്കും. കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്ത്യൻ ആരോസിനെയാണ് നേരിടുന്നത്. ആരോസ് ഈ പ്രതിഷേധത്തിൽ പങ്കെടുക്കുന്നില്ല. ഇന്ന് ഉദ്ഘാടന മത്സരമാകേണ്ടിയിരുന്ന പൂനെ സിറ്റിയും മിനേർവ പഞ്ചാബും തമ്മിലുള്ള മത്സരം നടക്കാൻ സാധ്യതയില്ല. മിനേർവ പഞ്ചാബ് ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചിരുന്നു.
ഭുവനേശ്വറിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. ഐലീഗിൽ എട്ടാമത് ഫിനിഷ് ചെയ്ത ടീമാണ് ആരോസ്. ഈ മത്സരം വിജയിച്ചാൽ മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിന് യോഗ്യത നേടുകയുള്ളൂ. രാത്രി 8.30ന് ആയിരിക്കും മത്സരം നടക്കുക. ഐ എസ് എല്ലിൽ നിരാശ മാത്രമായിരുന്നു എന്നതിനാൽ സൂപ്പർ കപ്പിൽ എങ്കിലും ആരാധകർക്ക് സന്തോഷം നൽകാൻ കഴിയും എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത്. ക്ലബിന്റെ ചരിത്രത്തിലെ ആദ്യ കിരീടമാകും കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ലീഗ് അവസാനത്തിൽ മികച്ച ഫോമിൽ ആയിരുന്ന ആരോസിനെ തോൽപ്പിക്കുക അത്ര എളുപ്പമായിരിക്കില്ല.