അവസാനം ഇന്ത്യക്ക് ജയം, രക്ഷകനായി സുനിൽ ഛേത്രി

സാഫ് കപ്പിൽ അവസാനം ഇന്ത്യക്ക് വിജയം. ഇന്ന് നിർണായക മത്സരത്തിൽ നേപ്പാളിനെ നേരിട്ട ഇന്ത്യ മറുപടിയില്ലാത്ത ഏക ഗോളിനാണ് വിജയിച്ചത്. എന്നത്തെയും പോലെ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി തന്നെയാണ് വിജയ ഗോൾ നേടിയത്‌. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി നല്ല ഫുട്ബോൾ ആയിരുന്നു ഇന്ന് ഇന്ത്യയിൽ നിന്ന് കണ്ടത്. മത്സരം ആദ്യ പകുതിയിൽ ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിൽ ആണ് ഗോൾ വന്നത്. മത്സരത്തിന്റെ 82ആം മിനുട്ടിൽ ഫറൂഖും ബ്രാണ്ടണും കൂടെ നടത്തിയ നീക്കത്തിന് ഒടുവിലായിരുന്നു ഛേത്രിയുടെ ഗോൾ.

ഛേത്രിയുടെ ഇന്ത്യക്ക് ആയുള്ള 77ആമത്തെ ഗോളായിരുന്നു ഇത്. ഈ ടൂർണമെന്റിൽ ഇന്ത്യ നേടിയ രണ്ടു ഗോളുകളും ഛേത്രി തന്നെയാണ് നേടിയത്. ഈ വിജയത്തോടെ ഇന്ത്യക്ക് 3 മത്സരങ്ങളിൽ നിന്ന് 5 പോയിന്റായി. ഇപ്പോൾ ഇന്ത്യ മൂന്നാം സ്ഥാനത്താണ് ഉള്ളത്. അവസാന മത്സരത്തിൽ മാൽഡീവ്സിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് ഫൈനലിലേക്ക് എത്താൻ ആകും. ആദ്യ രണ്ടു മത്സരങ്ങളിൽ ഇന്ത്യ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും സമനില വഴങ്ങിയിരുന്നു.