കൽപ്പേനിയെ 7 ഗോളുകൾക്ക് മുക്കി സുബ്രതോയിൽ സെമിഫൈനൽ ഉറപ്പിച്ച് അമിനി

കവരത്തി : 17 വയസ്സിന് താഴെയുള്ളവരുടെ സുബ്രതോ മുഖർജി ലക്ഷദ്വീപ് യോഗ്യത മത്സരങ്ങളിൽ ആദ്യമത്സരത്തിൽ മിനിക്കോയിയെ തകർത്ത പ്രകടനം ചെറിയകര ഗ്രൂപ്പിൽ അമിനി ശഹീദ് ജവാൻ മുത്തുക്കോയ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂൾ ആവർത്തിച്ചപ്പോൾ കൽപ്പേനിക്കെതിരെ പിറന്നത് ഗോൾമഴ. കൽപ്പേനി ഡോക്ടർ കെ.കെ മുഹമ്മദ് കോയ ഹയർസെക്കൻഡറി സ്‌കൂളിനെതിരെ എതിരില്ലാത്ത 7 ഗോളുകൾക്കാണ് അമിനി ജയം കണ്ടത്. ഇതോടെ ചെറിയകര ഗ്രൂപ്പിൽ കളിച്ച രണ്ട് മത്സരങ്ങളും വലിയ സ്കോറിന് ജയിച്ച അമിനി സെമിഫൈനൽ ഏതാണ്ട് ഉറപ്പിച്ചു. അമിനിക്കായി തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക് പ്രകടനം ആവർത്തിച്ച ജേഴ്സി നമ്പർ 16 സഫിയുള്ളയാണ് അമിനിക്ക് വലിയ ജയം സമ്മാനിക്കുന്നതിൽ നിർണ്ണായകമായത്.

ആദ്യ കളിയിൽ 4 ഗോൾ നേടിയ സഫിയുള്ള 3 ഗോൾ നേടിയപ്പോൾ ഒരു പെനാൽട്ടി അടക്കം രണ്ട് ഗോൾ നേടിയ ജേഴ്സി നമ്പർ 7 നിസാമുദ്ദീനും മത്സരത്തിൽ തിളങ്ങി. മുഹമ്മദ് അഫ്ജൽ, മുഹമ്മദ് ആദിൽ എന്നിവരുടെ വകയായിരുന്നു അമിനിയുടെ മറ്റ് രണ്ട് ഗോളുകൾ. സുബ്രതോ യോഗ്യതയിൽ വളരെ നിർണായകമായ ദിനമാണ് നാളെ. വലിയകര ഗ്രൂപ്പിൽ രാവിലെ നടക്കുന്ന മത്സരങ്ങളിൽ 7 മണിക്ക് കരുത്തരായ ആന്ത്രോത്ത് കിൽത്താനെ നേരിടുമ്പോൾ 8 മണിക്ക് അഗത്തിയും ചെത്ത്ലത്തും മുഖാമുഖം വരും. വൈകുന്നേരം വീണ്ടും 3.30 തിന് കിൽത്താൻ കട്മത്തിനെ നേരിടുമ്പോൾ വൈകുന്നേരം 5 മണിക്ക് ആന്ത്രോത്ത് ചെത്ത്ലത്തുമായി മുഖാമുഖം വരും. നാളത്തോടെ സുബ്രതോയിലെ വലിയകര ഗ്രൂപ്പിലെ സെമിഫൈനലിസ്റ്റുകളെ ഏതാണ്ട് അറിയാൻ സാധിക്കും.

Previous article“മാർഷ്യലിനേക്കാളും റാഷ്ഫോർഡിനെക്കാളും നല്ല സ്ട്രൈക്കർ ഗ്രീൻവുഡ്”
Next articleമാർഷ്യലിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ 50 ഗോളുകൾ!!