സ്റ്റിമാചിന്റെ കരാർ സെപ്റ്റംബറിൽ അവസാനിക്കും, കരാർ പുതുക്കാൻ ആവശ്യപ്പെട്ട് ഇന്ത്യൻ പരിശീലകൻ

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ സ്റ്റിമാച് തന്റെ കരാർ പെട്ടെന്ന് പുതുക്കണം എന്ന് അധികൃതരോട് ആവശ്യപ്പെട്ടു. 2023ൽ ഇന്ത്യയെ ഏഷ്യൻ കപ്പിലേക്ക് തനിക്ക് നയിക്കണം എന്നുണ്ട് എന്ന് സ്റ്റിമാച് നേരത്തെ പറഞ്ഞിരുന്നു. തന്റെ കരാർ സെപ്റ്റംബറിൽ അവസാനിക്കുക ആണെന്നും വേഗത്തിൽ കരാർ ചർച്ചകൾ ആരംഭിക്കണം എന്നും സ്റ്റിമാച് പറഞ്ഞു. ഏഷ്യൻ കപ്പ് യോഗ്യത നേടിയ സ്റ്റിമാചിന് ഇപ്പോൾ ആരാാധകരുടെയും സ്നേഹം സമ്പാദിക്കാൻ ആയിട്ടുണ്ട്‌.

എന്നാൽ ഇപ്പോൾ എ ഐ എഫ് എഫിന് പകരം സുപ്രീം കോടതി നിയമിച്ച ഭരണസമിതി ആണ് ഇന്ത്യൻ ഫുട്ബോളിലെ തീരുമാനങ്ങൾ എടുക്കുന്നത്. അവർ പുതിയ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ എ ഐ എഫ് എഫ് കമ്മിറ്റി നിലവിൽ വന്ന ശേഷം മാത്രം സ്റ്റിമാചിന്റെ ഭാവി തീരുമാനിക്കാം എന്ന നിലപാടിലാണ്. ഇത് സംബന്ധിച്ച് സ്റ്റിമാചുമായി ഭരണസമിതി സംസാരിച്ചിട്ടുണ്ട്. അടുത്ത മാസം തന്നെ തിരഞ്ഞെടുപ്പ് നടക്കും എന്നാണ് കരുതപ്പെടുന്നത്.