ഇന്ത്യ ലോകകപ്പ് റൗണ്ട് 2 കടന്നില്ല എങ്കിൽ താൻ രാജിവെക്കും എന്ന് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്. ഇന്ത്യ ഇപ്പോൾ യോഗ്യത റൗണ്ട് ഗ്രൂപ്പിൽ 4 പോയിന്റുമായി രണ്ടാമത് നിൽക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്താനോട് ഇന്ത്യ സമനില വഴങ്ങിയതോടെ സ്റ്റിമാചിന് എതിരെ വലിയ വിമർശനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നിരുന്നു.
ഇന്ത്യക്ക് ഏഷ്യൻ കപ്പിലും നല്ല പ്രകടനങ്ങൾ നടത്താൻ ആയിരുന്നില്ല.താൻ ഇന്ത്യയെ ഫിഫ ലോകകപ്പ് മൂന്നാം റൗണ്ടിലേക്ക് എത്തിക്കുന്നില്ല എങ്കിൽ തീർച്ചയായും താൻ ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയും എന്ന് സ്റ്റിമാച് ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞു. താൻ അവസാന അഞ്ചു വർഷം ചെയ്ത ജോലിയും അതിന്റെ ഫലവും കണക്കിലെടുത്ത് അഭിമാനത്തോടെ താൻ സ്ഥാനം ഒഴിയും എന്ന് സ്റ്റിമാച് പറഞ്ഞു. എന്നാൽ ഇന്ത്യ അടുത്ത റൗണ്ടിലേക്ക് എത്തുക ആണെങ്കിൽ തനിക്ക് ഒരുപാട് പണിയുണ്ട് എന്നും സ്റ്റിമാച് പറഞ്ഞു.
നാളെ ഗുവാഹത്തിയിൽ വെച്ചാണ് അഫ്ഗാനിസ്താന് എതിരായ ഇന്ത്യയുടെ ഹോം മത്സരം. ഈ കളി ജയിച്ചില്ല എങ്കിൽ ഇന്ത്യയുടെ അടുത്ത റൗണ്ട് എന്ന പ്രതീക്ഷകൾ ഏതാണ്ട് അവസാനിക്കും.