എഫ്.എ കപ്പ്, ലീഗ് കപ്പ് മത്സരങ്ങൾക്ക് കാണികൾക്ക് പ്രവേശനം

Manchester City Fans Football Premier League

ഈ മാസം നടക്കുന്ന എഫ്.എ കപ്പ് സെമി ഫൈനൽ മത്സരങ്ങൾക്കും ലീഗ് കപ്പ് ഫൈനൽ മത്സരങ്ങൾക്കും കാണികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് സർക്കാർ. കാണികളെ സ്റ്റേഡിയങ്ങളിലേക്ക് കൊണ്ട് വരുന്നതിന് മുൻപായി ഒരു പരീക്ഷണം എന്ന നിലയിലാണ് ഈ മത്സരങ്ങൾക്ക് കാണികളെ അനുവദിക്കുന്നത്.

എഫ്.എ കപ്പിൽ ലെസ്റ്റർ സിറ്റി – സൗതാമ്പ്ടൺ മത്സരത്തിന് 4000 കാണികളെയും ലീഗ് കപ്പ് ഫൈനലിലെ മാഞ്ചസ്റ്റർ സിറ്റി – ടോട്ടൻഹാം മത്സരത്തിന് 8000 കാണികളെയും പ്രവേശിപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ എഫ്.എ കപ്പ് സെമി ഫൈനൽ മത്സരങ്ങൾക്ക് രണ്ട് ടീമുകളിലെയും ആരാധകർക്ക് പ്രവേശനം ഉണ്ടാവില്ല. മറിച്ച് വെംബ്ലി സ്റ്റേഡിയത്തിന് ചുറ്റും താമസിക്കുന്നവർക്കാണ് പ്രവേശനം ഉണ്ടാവുക. ഏപ്രിൽ 25നാണു ലീഗ് കപ്പ് ഫൈനൽ.

അതെ സമയം മാഞ്ചസ്റ്റർ സിറ്റി – ടോട്ടൻഹാം ലീഗ് കപ്പ് ഫൈനൽ മത്സരത്തിന് ടീമിന്റെ ആരാധകർക്ക് പ്രവേശനം അനുവദിക്കും. ഇതിന്റെ കൂടുതൽ വിവരങ്ങൾ സംഘടകർ പുറത്തുവിട്ടിട്ടില്ല. കൂടാതെ മെയ് 15ന് നടക്കുന്ന എഫ്.എ കപ്പ് ഫൈനൽ മത്സരത്തിനും കാണികളെ അനുവദിക്കും. എഫ്.എ കപ്പ് ഫൈനൽ മത്സരത്തിന് ഏകദേശം 21000 ആളുകൾക്ക് പ്രവേശനം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.