എഎഫ്‌സി വനിതാ അണ്ടർ 17 ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ട് 1 ടൂർണമെന്റിനുള്ള ഇന്ത്യൻ അണ്ടർ 17 വനിതാ ടീമിലേക്ക് അറ്റാക്കിംഗ് മിഡ്ഫീൽഡർ ഷിൽജി ഷാജിക്ക് പകരക്കാരിയായി ജാർഖണ്ഡിന്റെ നിഷിമ കുമാരിയെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചു.
AIFF അവരുടെ ‘ഗ്രൂപ്പ് എഫ്’ മത്സരത്തിനായി ഏപ്രിൽ 19 ന് 23 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 26 ന് ആതിഥേയരായ കിർഗിസ് റിപ്പബ്ലിക്കിനെതിരെയും ഏപ്രിൽ 28 ന് ബിസ്‌കെക്കിൽ മ്യാൻമറിനെതിരെയും ഇന്ത്യ കളിക്കും. അസുഖം കാരണം ആണ് ഷിൽജി ടീമിക് നിന്ന് പുറത്തായത്. ഇൻഡോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിൽജി ഷാജിയെ ഇന്നലെ രാത്രി വൈറൽ ന്യുമോണിയ സ്ഥിരീകരിച്ചു.
16 വയസുകാരിയായ ഷിൽജിയെ കൂടുതൽ പരിശോധനകൾക്ക് വിധേയയാക്കുന്നതിനും എഐഎഫ്‌എഫിന്റെ മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിൽ അവളുടെ സുഖം പ്രാപിക്കുന്നത് നിരീക്ഷിക്കുന്നതിനുമായി ദേശീയ ഫെഡറേഷൻ ഡൽഹിയിലേക്ക് മാറ്റും.
ബംഗ്ലാദേശിൽ നടന്ന SAFF U17 വനിതാ ചാമ്പ്യൻഷിപ്പിൽ 8 അന്താരാഷ്ട്ര ഗോളുകൾ നേടി ഷിൽജി ശ്രദ്ധ നേടിയിരുന്നു. നേരത്തെ ജനുവരിയിൽ, ജോർദാനെതിരെ നടന്ന രണ്ട് സൗഹൃദ മത്സരങ്ങളിൽ നാല് ഗോളുകൾ വീതം നേടി ഇന്ത്യയുടെ വിജയത്തിൽ ഷിൽജി നിർണായക പങ്ക് വഹിച്ചിരുന്നു.