ഫിലിപ്പൈൻ ദേശീയ താരം കമില്ല റോഡ്രിഗസ് ലോർഡ്‌സ് എഫ് എയുടെ തട്ടകത്തിൽ | Exclusive

Sreenadh Madhukumar

Updated on:

Picsart 23 04 22 16 58 50 382
Download the Fanport app now!
Appstore Badge
Google Play Badge 1

കേരളാ വിമൻസ് ലീഗിൽ വർണ്ണാഭമായ പ്രകടനം കാഴ്ച്ചവച്ച ലോർഡ്‌സ് ഫുട്‌ബോൾ അക്കാദമി വീണ്ടും കളിയാരാധരെ ഞെട്ടിക്കുന്നു. സംസ്ഥാന ലീഗിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ഇന്ത്യൻ വനിതാ ലീഗിലേക്ക് കടന്ന ലോഡ്‌സ്, പ്രസ്തുത ടൂർണമെന്റിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഫിലിപ്പീൻസ് ദേശീയ ടീം താരം കമില്ല റോഡ്രിഗസിനെ ടീമിലെത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ കെ ഡബ്ല്യൂ എല്ലിൽ ഗോകുലം കേരളയെ ഫൈനലിൽ തോൽപ്പിച്ചാണ് ലോഡ്‌സ് അവരുടെ കേരളാ ഫുട്‌ബോളിലേയ്ക്കുള്ള വരവരിയിച്ചത്. ഇന്ത്യൻ വനിതാ ലീഗ് ഈ മാസം 26നു തുടങ്ങാനിരിക്കവേ പുതിയ ഫിലിപ്പൈൻ താരത്തിന്റെ വരവ് ടീമിൽ പുതിയ ഊർജ്ജം തന്നെ പകരും എന്നത് തീർച്ചയാണ്. താരത്തിന്റെ വരവിൽ ക്ലബ്ബ് ഉടമ ഡറിക്ക് ഡിക്കോത്ത് പൂർണ്ണ സംതൃപ്തനാണ് എന്നു ക്ലബ്ബിനോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യൻ വനിതാ ലീഗ് സീസൺ അവസാനിക്കുന്നത് വരെയുള്ള കരാറിലാണ് താരം ക്ലബിന്റെ ഭാഗമാകുന്നത്.

Picsart 23 04 22 17 01 18 518

28 വയസ്സുള്ള ഈ മധ്യനിര താരം, 1994 ഡിസംബർ 27-ന് പിലിപ്പീൻസിലെ സാംബോഗ സിറ്റിയിലാണ് ജനിച്ചത്. പഠനത്തിനായി മിറിയം കോളേജ് ഹൈസ്കൂൾ തിരഞ്ഞെടുത്ത താരം, കൊളീജിയറ്റ് പഠനത്തിനായി അറ്റെനിയോ ഡി മനില സർവകലാശാലയിൽ ചേർന്നു. 2005-ൽ റോഡ്രിഗസ് ഫുട്ബോൾ രംഗത്തേയ്ക്കു കടന്നുവന്നു. റിസാൽ ഫുട്ബോൾ അസോസിയേഷൻ (RIFA) സംഘടിപ്പിച്ച ടൂർണമെന്റുകളിൽ താരം പങ്കെടുക്കുകയും വിമൻസ് നാഷണൽ കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷനിൽ (WNCAA) മിറിയത്തിന് വേണ്ടി കളിക്കുകയും ചെയ്തു. RIFA-സംഘടിപ്പിച്ച വിവിധ ടൂർണമെന്റുകളിൽ ഇവർ എം വി പി ആയി നാമകരണം ചെയ്യപ്പെട്ടു. അതിൽ കൂടുതലും 9-എ-സൈഡ് കളികളായിരുന്നു എന്നു മാത്രം. കൂടാതെ WNCAA-യുടെ മിഥിക്കൽ സെലക്ഷനിൽ 39-ാം സീസൺ മുതൽ 41-ാം സീസൺ വരെ കമില്ലേ തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ തലസ്ഥാന മേഖലയ്ക്ക് വേണ്ടി 2009, 2010 വർഷങ്ങളിൽ പലരോംഗ് പംബൻസയിലും കളിച്ചു. ആ ടൂർണമെന്റിന്റെ രണ്ട് പതിപ്പുകളിലും അവർ എംവിപിയുമായിട്ടുണ്ട്.

റോഡ്രിഗസ് കോളേജ് കാലത്ത് അറ്റെനിയോ ഡി മനില യൂണിവേഴ്സിറ്റിയിലെ വനിതാ ഫുട്ബോൾ ടീമായ അറ്റേനിയോ ലേഡി ബ്ലൂ ബൂട്ടേഴ്സിനായി കളിച്ചിരുന്നു. അവളുടെ ടീം തുടർച്ചയായി മൂന്ന് തവണ മൂന്നാം സ്ഥാനത്ത് ലീഗ് ഫിനിഷ് ചെയ്തു. യുഎഎപി സീസൺ 77-ലെ മികച്ച സ്‌ട്രൈക്കറായി തിരഞ്ഞെടുക്കപ്പെട്ട അവർ യുഎഎപി സീസൺ 79-ലെ “മിഥിക്കൽ ഇലവന്റെ” കൂടി ഭാഗമായിരുന്നു. ഒപ്പം അതേ ടീമിന്റെ ക്യാപ്റ്റൻസി ആം ബാൻഡും അവർ സ്വന്തമാക്കിയിരുന്നു.

തന്റെ ക്ലബ്ബ് കരിയറിൽ, റോഡ്രിഗസ് പിഎഫ്എഫ് വനിതാ ലീഗിൽ അറ്റെനിയോയ്ക്ക് വേണ്ടി തന്റെ കളിമികവു പുറത്തെടുത്തു. സ്‌പെയിനിലെ മിസ്‌ലാറ്റാ സി എഫിനായി കളിച്ച താരം, അന്താരാഷ്ട്ര കരിയർ ആരംഭിക്കുന്നത് 2011-ലാണ്. 2011-ലെ എഎഫ്എഫ് വനിതാ ചാമ്പ്യൻഷിപ്പിൽ 16-ാം വയസ്സിൽ സീനിയർ ടീമിനായി തന്റെ ആദ്യ അന്താരാഷ്ട്ര ക്യാപ്പ് നേടുന്നതിന് മുമ്പ് റോഡ്രിഗസ് ഫിലിപ്പീൻസിലെ വിവിധ ക്യാറ്റഗറികളിൽ ദേശീയ ടീമിനായി കളിച്ചു. 2011-ൽ മലേഷ്യയ്‌ക്കെതിരെ ഇതേ ടൂർണമെന്റിൽ കമില്ലേ തന്റെ ആദ്യ ഗോൾ നേടി, എന്നാൽ പിന്നീട് അവളുടെ കൊളീജിയറ്റ് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അന്താരാഷ്ട്ര ഡ്യൂട്ടിയിൽ നിന്ന് കുറച്ചു കാലത്തേയ്ക്കു മാറിനിന്നു.

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം റോഡ്രിഗസ്, 2017-ൽ ഫിലിപ്പൈൻസ് ദേശീയ ടീമിലേക്ക് മടങ്ങിയെത്തി, 2017 തെക്കുകിഴക്കൻ ഏഷ്യൻ ഗെയിംസിലും 2018 AFC വനിതാ ഏഷ്യൻ കപ്പിലും മത്സരിച്ച ടീമിന്റെ ഭാഗമായിരുന്നു ഇദ്ദേഹം. ലോഡ്‌സ് ഫുട്‌ബോൾ ക്ലബ്ബിലേയ്ക്കുള്ള അവരുടെ യാത്ര സീനിയർ കരിയറിൽ കൂടുതൽ മികവുകാട്ടാനും കിരീടങ്ങൾ നേടാനും വേണ്ടിയാണ്. ഫിലിപ്പൈൻസിനായി നാൽപ്പതിനു മുകളിൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരം പത്തിലധികം ഗോളുകളും നേടിയിട്ടുണ്ട്. ഈ മികവ് തന്നെയാണ്, ഇന്ത്യൻ വനിതാ ലീഗിലേക്ക് കാലെടുത്തു വയ്ക്കുന്ന ലോർഡ്സിന്റെ ക്ലബ്ബ് ഉടമയായ ഡറിക്ക് ഡിക്കൊത്തിനേയും ആകർഷിച്ചത്.

ഏപ്രിൽ 26-ആം തീയതി ആരംഭിക്കുന്ന ഇന്ത്യൻ വനിതാ ലീഗിൽ ലോഡ്സിന്റെ ആദ്യ മത്സരം 27-ആം തീയതി സെൽറ്റിക്ക് ക്വീൻസ് എഫ് സിയുമായാണ്. ഷാഹിബൗഗ് പോലീസ് സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന ഗ്രൂപ്പ് ബിയിലെ പ്രസ്തുത മത്സരം, ലോർഡ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാൽവയ്പുകളിൽ ഒന്നായിമാറും. നിലവിൽ ഇന്ത്യൻ വുമൻസ് ലീഗിൽ കളിക്കുന്ന ഒരേയൊരു കേരളാ ടീമായ ഗോകുലം കേരള എഫ് സിയ്ക്ക് കൂട്ടായി ഈ സീസൺ മുതൽ പുതിയ മാറ്റങ്ങളുമായി ലോഡ്‌സ് കൂടി ഒപ്പം ചേരുകയാണ്.

വിങ്മെൻ സ്പോർട്സ് ഏജൻസി വഴിയാണ് താരം ലോർഡ്സിൽ എത്തുന്നത്. മുൻപ് ഇന്ത്യൻ ഇന്റർനാഷണൽ മനീഷാ കല്യാണിന്റെ സൈപ്രസിലേയ്ക്കുള്ള കൂടുമാറ്റവും സാധ്യമാക്കി കൊടുത്ത ഇവർ, സോണാലി ചാങ്ത്തെ, ആന്റണി ആൻഡ്രൂസ് എന്നിവരുടെയടക്കം പല പ്രമുഖരുടെയും ഏജന്റുമാർ കൂടിയാണ്. ജോർദ്ദനിൽ വച്ചു നടന്ന എ എഫ് സി കപ്പിലേയ്ക്കുള്ള ഗോകുലം കേരള ടീമിൽ ഉൾപ്പെട്ട അഡ്രിയാൻ ടൂട്ടി, കരീൻ പയേസ് എന്നീ താരങ്ങളും ഇവരുടെ കൂടാരത്തിലുള്ളവരാണ്.