ശാബാസ് അഹമ്മദിനെ അനുമോദിക്കാൻ ഒക്ടോബർ – 14 ന് യു.ഷറഫലിയും ഐ.എം വിജയനും അരിമ്പ്രയിൽ

- Advertisement -

കൊണ്ടോട്ടി: മലേഷ്യയിൽ കഴിഞ്ഞ വാരം നടന്ന ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യൻ അണ്ടർ-16 ടീമിന് വേണ്ടി അത്യുഗ്രൻ പോരാട്ടം നടത്തി ടീമിനെ ക്വാർട്ടർ ഫൈനൽ വരെ എത്തിയ്ക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച, ഏക മലയാളിയും ടീമിന്റെ പ്രതിരോധ നിരയിലെ എറ്റവും വിശ്വസ്തനായ താരവുമായ, ശാബാസ് അഹമ്മദിന് ഈ വരുന്ന ഒക്ടോബർ പതിനാല് ഞായറാഴ്ച്ച ജന്മ നാടായ മലപ്പുറം ജില്ലയിലെ അരിമ്പ്രയിൽ ജനകീയ സമിതി പ്രൗഢോജ്ജ്വല സ്വീകരണം നൽകും. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻമാരായ അർജ്ജുന അവാർഡ് ജേതാവ് ഐ.എം വിജയനും, എം.എസ്.പി കമാണ്ടന്റ് യു.ഷറഫലിയും ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും.

പി.ഉബൈദുല്ല എം.എൽ.എ ചടങ്ങിന് അധ്യക്ഷം വഹിയ്ക്കും, മൊറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലീം മാസ്റ്റർ, മറ്റു ജന പ്രതിനിധികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോ.വി.പി സക്കീർ ഹുസൈൻ, മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ പ്രേംനാഥ് ഫിലിപ്പ്, കുരിക്കേഷ് മാത്യു, മുൻ കേരളാ സന്തോഷ് ട്രോഫി ക്യാപ്റ്റൻ ജസീർ കരണത്ത്, ഒന്നര പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത പരിശീലകൻ സതീവൻ ബാലൻ, കേരളാ സന്തോഷ് ട്രോഫി സെലക്ഷൻ കമ്മിറ്റിയഗം എം. മുഹമ്മദ് സലീം, മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ.പി.എം സുധീർ കുമാർ, മലപ്പുറം ജില്ലയെ ആറു തവണ സംസ്ഥാന സീനിയർ ഫുട്ബോൾ കിരീടമണിയിച്ച കോച്ച് സി.പി.എം ഉമ്മർ കോയ,സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സൂപ്പർ സ്റ്റുഡിയോ അശ്റഫ് ബാവ, ഗോകുലം കേരളാ എഫ്.സി മുൻ ക്യാപ്റ്റൻ സുഷാന്ത് മാത്യു, മുൻ സന്തോഷ് ട്രോഫി താരം ടി.ഷബീർ അലി, റയിൽവേ ഗോൾ കീപ്പർ സി.ജസീർ മുഹമ്മദ് തുടങ്ങിയ പ്രമുഖരും പരിപാടിയിൽ സംബന്ധിയ്ക്കും.

ഒക്ടോബർ 14 ഞായറാഴ്ച്ച ഉച്ചയ്ക്ക് മുമ്പ് താരത്തിന്റെ ജന്മ നാടായ അരിമ്പ്രയിലും പരിസര പ്രദേശങ്ങളിലും വിളംബര വാഹന ജാഥകളും, തുടർന്ന് വൈകിട്ട് നാല് മണിയോടെ അരിമ്പ്ര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അങ്കണത്തിൽ വച്ച് നടയ്ക്കുന്ന ചടങ്ങിൽ ഐ.എം വിജയനും യു.ഷറഫലിയും ചേർന്ന് മറ്റു പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ ശാബാസ് അഹമ്മദിന് ജന്മ നാടിന്റെ ഉപഹാരം കൈമാറും. അതിന് ശേഷം വേദിയിൽ അരിമ്പ്രയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളും ക്ലബ്ബുകളും ശാബാസിന് പ്രത്യേകം പ്രത്യേകം ഉപഹാരങ്ങളും പാരിതോഷികങ്ങളും വിശിഷ്ട വ്യക്തികളാൽ നൽകപ്പെടും.

Advertisement