ലിൻഷയെ തോൽപ്പിച്ച് ഫിഫാ മഞ്ചേരിക്ക് സീസണിലെ നാലാം കിരീടം

താമരശ്ശേരി കോരങ്ങാട് അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന കലാശപോരാട്ടം അത്യന്തം ആവേശകരമായിരുന്നു. ആ പോരാട്ടം ജയിച്ച് സെവൻസ് ലോകത്തെ കരുത്തരായ ഫിഫാ മഞ്ചേരി സീസണിലെ തങ്ങളുടെ നാലാം കിരീടം ഉയർത്തി. ലിൻഷാ മണ്ണാർക്കാടുമായായിരുന്നു ഇന്ന് ഫൈനലിൽ ഫിഫ ഏറ്റുമുട്ടിയത്. കളിയുടെ തുടക്കത്തിൽ തന്നെ രണ്ട് ഗോളുകൾക്ക് ഫിഫാ മഞ്ചേരി മുന്നിൽ എത്തിയപ്പോൾ മത്സരം ഫിഫ ഏകപക്ഷീയമായി കൊണ്ടു പോകും എന്നൊരു തോന്നൽ ഉണ്ടായി.

എന്നാൽ ലിൻഷ ശക്തമായി തിരിച്ചടിച്ചു. രണ്ട് ഗോളുകൾ ഫിഫയുടെ വലയിൽ. മത്സരം 2-2. ആരും വിജയിക്കും എന്ന് തോന്നിയ മുന്നേറ്റങ്ങൾ ഇരുഭാഗത്തും. അവസാനം ഫ്രാൻസിസ് വിധി എഴുതി. ഫിഫയ്ക്ക് മൂന്നാം ഗോൾ. 3-2ന് ഫിഫ കിരീടം സ്വന്തമാക്കി. സെമി ഫൈനലിൽ ജവഹർ മാവൂരിനെ ഇരു പാദങ്ങളിലായി തകർത്തായിരുന്നു ഫിഫാ മഞ്ചേരി ഫൈനലിലേക്ക് പ്രവേശിച്ചത്. ഫിഫാ മഞ്ചേരിയുടെ സീസണിലെ അഞ്ചാം ഫൈനലും നാലാം കിരീടവുമാണിത്‌.