മികവ് തുടർന്ന് നാപ്പോളി, ടോറിനോയെ 2-1 നു തോൽപ്പിച്ചു

Wasim Akram

ഇറ്റാലിയൻ സീരി എയിൽ തങ്ങളുടെ സമീപകാല ഫോമിൽ തുടർന്ന് നാപ്പോളി. കഴിഞ്ഞ 6 മത്സരങ്ങളിൽ നിന്ന് തങ്ങളുടെ അഞ്ചാം ജയം ആയ ഗെട്ടൂസയുടെ ടീം ഇന്ന് സ്വന്തമാക്കിയത്. ടോറിനോക്ക് എതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആയിരുന്നു നാപ്പോളി ജയം കണ്ടത്. മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയ നാപ്പോളി 64 ശതമാനം സമയവും പന്ത് കൈവശം വക്കുകയും 18 ഷോട്ടുകൾ അടിക്കുകയും ചെയ്തു. 19 മിനിറ്റിൽ മോണോലോസിന്റെ ഹെഡറിലൂടെ ആണ് അവർ ആദ്യം മുന്നിലെത്തിയത്.

തുടർന്ന് 82 മിനിറ്റിൽ മെർട്ടൻസിന്റെ പാസിൽ ലോറെൻസോ അവരുടെ ജയം ഉറപ്പിക്കുന്ന ഗോളും നേടി. 91 മിനിറ്റിൽ സിമിയോണി എഡ്റെയാണ് ടൂറിൻ ക്ലബിന് ആശ്വാസഗോൾ നേടി കൊടുത്തത്. എന്നാൽ ഗോൾ നേടിയ ശേഷം ഒരു തിരിച്ചു വരവിനു ടോറിനോക്ക് സമയം ഉണ്ടായിരുന്നില്ല. ജയത്തോടെ നാപ്പോളി 26 കളികളിൽ നിന്ന് 39 പോയിന്റുകൾ നേടി ആറാം സ്ഥാനത്തേക്ക് ഉയർന്നു. തോൽവി ടോറിനോയെ 15 സ്ഥാനത്ത് തന്നെ തുടരാൻ നിർബന്ധിതമാക്കി.