തരം താഴ്‌ത്തലിൽ നിന്ന് രക്ഷപ്പെടാൻ നിർണായക ജയവും ആയി വെസ്റ്റ് ഹാം

- Advertisement -

പ്രീമിയർ ലീഗിൽ തരം താഴ്‌ത്തൽ ഭീഷണി നേരിടുന്ന വെസ്റ്റ് ഹാം യുണൈറ്റഡിനു നിർണായക ജയം. സൗത്താപ്റ്റനു എതിരെ 3-1 എന്ന സ്കോറിന് ആണ് ലണ്ടൻ ക്ലബ് ജയം കണ്ടത്. സമീപകാലത്ത് മോശം ഫോമിലുള്ള ഡേവിഡ് മോയസിന്റെ ടീമിന്റെ വിജയവഴിയിലേക്കുള്ള തിരിച്ചു വരവ് കൂടി ആയിരുന്നു ഈ ജയം. ജയത്തോടെ വെസ്റ്റ് ഹാം 16 സ്ഥാനത്തേക്ക് ഉയർന്നു. ഹൾ സിറ്റിയിൽ നിന്ന് പുതുതായി ടീമിലെത്തിയ ജെറോഡ് ബോവനിലൂടെ 15 മിനിറ്റിൽ ആദ്യം ലീഡ് നേടിയത് വെസ്റ്റ് ഹാം ആണ്. എന്നാൽ 31 മിനിറ്റിൽ ഒബഫെമനി സൗത്താപ്റ്റനെ ഒപ്പമെത്തിച്ചു. എന്നാൽ ഗോളിയുടെ പിഴവ് മുതലെടുത്ത ഹാളർ 40 മിനിറ്റിൽ വെസ്റ്റ് ഹാമിനു ലീഡ് തിരികെ നൽകി.

രണ്ടാം പകുതിയിൽ അന്റോണിയയിലൂടെ ജയവും മോയെസിന്റെ ടീം പൂർത്തിയാക്കി. അതേസമയം തരം താഴ്‌ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ന്യൂ കാസ്റ്റിൽ യുണൈറ്റഡ് ബേർണിലിയോട് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. നിലവിൽ 14 സ്ഥാനത്ത് ആണ് ന്യൂകാസ്റ്റിൽ. എന്നാൽ 2020 തിൽ ഇത് വരെ ജയിക്കാൻ സാധിക്കാത്ത ബ്രൈറ്റൻ ഒരിക്കൽ കൂടി തോൽവി വഴങ്ങി. ബദ്ധവൈരികൾ ആയ ക്രിസ്റ്റൽ പാലസിനോട് ഒരു ഗോളിന് ആണ് അവർ തോറ്റത്. 70 മിനിറ്റിൽ ജോർദൻ ആയു ആണ് പാലസിന് ജയം സമ്മാനിച്ചത്. തോൽവിയോടെ തരം താഴ്‌ത്തൽ ഭീഷണി നേരിടുന്ന ബ്രൈറ്റന്റെ കാര്യം ഒന്നു കൂടി കഷ്ടത്തിൽ ആയി. നിലവിൽ തരം താഴ്‌ത്തലിൽ നിന്ന് ഒരു പോയിന്റ് മുകളിൽ 15 മത്തെ സ്ഥാനത്ത് ആണ് അവർ.

Advertisement