ലോക് ഡോണിന് ശേഷമുള്ള ആദ്യ സീരി എ മത്സരത്തിൽ സന്ദോറിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഇന്റർ മിലാൻ. മുന്നേറ്റനിരക്കാർ ആയ റോമലു ലുകാക്കു, ലോട്ടാരോ മാർട്ടിനെസ് എന്നിവരുടെ ഗോളുകൾ ആണ് ഇന്ററിനു ജയം ഒരുക്കിയത്. കളി തുടങ്ങി പത്താമത്തെ മിനിറ്റിൽ തന്നെ ക്രിസ്റ്റൃൻ എറിക്സന്റെ പാസിൽ നിന്നു ഒരു ഇടൻ കാലൻ അടിയിലൂടെ ലക്ഷ്യം കണ്ട ലുക്കാക്കു ഇന്ററിനു ലീഡ് സമ്മാനിച്ചു. വളരെ മികച്ച ഒരു ടീം ഗോൾ ആയിരുന്നു ഇത്. ഗോൾ അടിച്ച ശേഷം കറുത്ത വർഗ്ഗക്കാരുടെ പോരാട്ടങ്ങൾക്ക് മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തു ബെൽജിയം താരം.
തുടർന്ന് 33 മിനിറ്റിൽ അന്റോണിയോയുടെ പാസിൽ നിന്നു ഒരു വലൻ കാലൻ അടിയിലൂടെ ലക്ഷ്യം കണ്ട മാർട്ടിനെസ് ഇന്ററിനു രണ്ടാം ഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിൽ 52 മിനിറ്റിൽ തോർസിബി ഒരു ഗോൾ മടക്കിയെങ്കിലും ജയം കൈവിടാൻ ഇന്റർ മിലാൻ ഒരുക്കമല്ലായിരുന്നു. മത്സരത്തിൽ സകല മേഖലയിലും മുന്നിട്ട് നിന്ന ഇന്റർ മത്സരത്തിൽ 72 ശതമാനം സമയവും പന്ത് കൈവശം വച്ചു. ജയത്തോടെ 26 കളികളിൽ 57 പോയിന്റുകൾ ഉള്ള അവർ ലീഗിൽ മൂന്നാം സ്ഥാനത്ത് ആണ്. അതേസമയം തരം താഴ്‌ത്തൽ ഒഴിവാക്കാൻ പൊരുതുന്ന സന്ദോറിയക്ക് തോൽവി വലിയ തിരിച്ചടി ആയി. 26 കളികളിൽ നിന്ന് 26 പോയിന്റുകൾ ഉള്ള അവർ ലീഗിൽ 16 സ്ഥാനത്ത് ആണ്.