ഇതിഹാസ ക്രിക്കറ്റ് താരം രാജേന്ദ്ര ഗോയൽ അന്തരിച്ചു

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരം രാജേന്ദ്ര ഗോയൽ അന്തരിച്ചു. 77 വയസ്സ് ആയിരുന്നു. 2017 ൽ ബി.സി.സി.ഐ സികെ നായിഡു ആജീവനാന്ത പുരസ്‌കാരം നൽകി ആദരിച്ച താരം കൂടിയാണ് അദ്ദേഹം. രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം ആണെങ്കിലും ഇടൻ കയ്യൻ സ്പിന്നർ ആയ അദ്ദേഹം ബിഷൻ സിങ് ബേദിയുടെ സമകാലികൻ ആയതിനാൽ തന്നെ ഒരിക്കൽ പോലും ഇന്ത്യക്ക് ആയി കളിച്ചിട്ടില്ല. 1958 മുതൽ ഏതാണ്ട് 20 കൊല്ലം ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ നിറഞ്ഞു നിന്ന അദ്ദേഹം 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ ആണ് കളിച്ചത്.

ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച മത്സരങ്ങളിൽ ഭൂരിഭാഗവും ഹരിയാനക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ 750 വിക്കറ്റുകൾ ആണ് അദ്ദേഹം സ്വന്തമാക്കിയത്. രഞ്ജി ട്രോഫിയിൽ 637 വിക്കറ്റുകൾ സ്വന്തമാക്കിയ അദ്ദേഹം ലിസ്റ്റിൽ രണ്ടാമതുള്ള എസ്. വെങ്കട്ടരാഗവനെക്കാൾ 107 വിക്കറ്റുകൾ ആണ് അധികം നേടിയത്. 1942 ൽ ഹരിയാനയിൽ ജനിച്ച അദ്ദേഹം 44 വയസ്സ് വരെ ആഭ്യന്തര ക്രിക്കറ്റിൽ സജീവമായിരുന്നു. വിരമിച്ച ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ ജൂനിയർ സെലക്ടർ ആയും ഹരിയാന ക്രിക്കറ്റിൽ സെലക്ടർ ആയും അദ്ദേഹം സേവനം അനുഷ്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ ഇന്ത്യൻ ക്രിക്കറ്റിലെ താരങ്ങളും അധികൃതരും അനുശോചനം രേഖപ്പെടുത്തി.