അന്ന് യുവന്റസ് ആരാധകർ കയ്യടിയോടെ പറഞ്ഞയച്ചു, ഇന്ന് റൊണാൾഡോ തിരിച്ചെത്തുന്നു

- Advertisement -

അധികം കാലമായില്ല യുവന്റസ് ആരാധകർ റൊണാൾഡോയെ കയ്യടിച്ച് കൊണ്ട് ഒരു രാത്രി യാത്രയാക്കിയിട്ട്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ. യുവന്റസ് ആരാധകർക്ക് നല്ല ഓർമ്മ ഒന്നുമല്ല റൊണാൾഡോ അന്ന് നൽകിയത്. പക്ഷെ അന്ന് ആ റൊണാൾഡോ പ്രകടനത്തിന് മുമ്പിൽ യുവന്റസ് ആരാധകർ മൊത്തം എഴുന്നേറ്റു നിന്ന് കയ്യടിച്ചിരുന്നു. ആ കയ്യടിക്ക് നെഞ്ചിൽ തൊട്ട് തലതാഴ്ത്തി റൊണാൾഡോ നന്ദിയും പറഞ്ഞിരുന്നു.

അന്ന് രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയ റൊണാൾഡോ റയലിനെ 3-0തിന് വിജയിപ്പിച്ചാണ് മടങ്ങിയത്. അതിൽ ഒരു ഗോൾ ചാമ്പ്യൻസ് ലീഗ് ചരിത്രം മറക്കാത്ത ബൈസിക്കിൾ കിക്കും. റൊണാൾഡോ ഒരിക്കലും യുവന്റസിനോട് ദയ കാട്ടിയിരുന്നില്ല. കഴിഞ്ഞ‌ സീസണ് മുന്നേയുള്ള സീസണിലും യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ അവസാനിപ്പിച്ചത് ഇതേ റൊണാൾഡോ ആയിരുന്നു.

ചാമ്പ്യൻസ് ലീഗിൽ മാത്രമായി 10 ഗോളുകളാണ് റൊണാൾഡോ യുവന്റസിനെതിരെ നേടിയത്. അതും വെറും ഏഴു മത്സരത്തിൽ നിന്ന്. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഒരു താരവും ഒരു ടീമിനെതിരെയും ഇത്രയും ഗോൾ നേടിയിട്ടില്ല. എപ്പോഴും തങ്ങളുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ തകർത്ത് ആ റൊണാൾഡോയെ തന്നെ ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടത്തിന്റെ പ്രതീക്ഷ ഏൽപ്പിക്കുകയാണ് യുവന്റസ്.

ചിലപ്പോൾ അന്ന് റൊണാൾഡോയ്ക്ക് തോൽപ്പിച്ചിട്ടും കൊടുത്ത ആ കയ്യടി ആകും റൊണാൾഡോയെ ഈ ആരാധകരിലേക്ക് എത്തിച്ചത്. ഇത്രയും റയൽ മാഡ്രിഡിനായി മികച്ചു നിന്നിട്ടും സ്വന്തം ആരാധകരിൽ നിന്ന് പലപ്പോഴും റൊണാൾഡോയ്ക്ക് മോശം പ്രതികരണം ലഭിച്ചിരുന്നു. അതിലുള്ള സങ്കടം റൊണാൾഡോ തന്നെ പലപ്പോഴും പറയുകയും ചെയ്തിരുന്നു. യുവന്റസിൽ തന്റെ മികവ് തുടർന്നാൽ അന്ന് ഉയർന്നതിലും വലിയ കയ്യടി റൊണാൾഡോയ്ക്ക് ലഭിക്കുക തന്നെ ചെയ്യും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement