ക്രിസ്റ്റ്യാനോ റൊണാൾഡോയെ കളത്തിൽ കാണാനും ഫിറ്റ്നസിന്റെ കാര്യത്തിലും പ്രായമായതു പോലെ തോന്നില്ല എങ്കിലും പതിയെ പതിയെ റൊണാൾഡോയുടെ ഗോളടിക്കാനുള്ള പഴയ കഴിവ് കുറഞ്ഞു വരുന്നതായി വേണം കണക്കാക്കാൻ. റയൽ മാഡ്രിഡിൽ ഗോളടിച്ചു കൂട്ടിയ റൊണാൾഡോ അല്ല ഇപ്പോൾ യുവന്റസിൽ കാണുന്ന റൊണാൾഡോ.
കഴിഞ്ഞ സീസണിൽ 27 ഗോളുകൾ മാത്രമേ ഇറ്റലിയിൽ റൊണാൾഡോയ്ക്ക് നേടാൻ ആയിരുന്നുള്ളൂ. 11 വർഷങ്ങൾക്ക് ഇടയിലെ റൊണാൾഡോയുടെ ഏറ്റവും മോശം ഗോൾ സ്കോറിംഗ് സീസണായിരുന്നു ഇത്. എന്നാൽ ഈ സീസണിൽ അതിനേക്കാൾ മോശമാവുകയാണ് എന്ന് വേണം കരുതാൻ. ഇതുവരെ അഞ്ച് ലീഗ് ഗോളുകൾ മാത്രമേ റൊണാൾഡോ ഇത്തവണ നേടിയിട്ടുള്ളൂ. കഴിഞ്ഞ സീസണിൽ ഇറ്റലിയിനെ ടോപ് സ്കോറർ പദവി സ്വന്തമാക്കാൻ കഴിയാതിരുന്ന റൊണാൾഡോയ്ക്ക് ഇത്തവണയും ആ നേട്ടത്തിൽ എത്തുക എളുപ്പമാവില്ല. ഇതിനകം തന്നെ 13 ഗോളുകൾ നേടിയ ലാസിയോ സ്ട്രൈക്കർ ഇമ്മൊബിലെ റൊണാൾഡോയ്ക്ക് ഏറെ മുന്നിലാണ്. ഇമ്മൊബിലെ ഉൾപ്പെടെ അഞ്ചോളം താരങ്ങൾ ഇറ്റലിയിൽ ഗോളടിയിൽ റൊണാൾഡോയ്ക്ക് മുന്നിൽ ഉണ്ട്.
ഗോൾ നേടാൻ റൊണാൾഡോയ്ക്ക് ഇറ്റലിയിൽ കൂടുതൽ പെനാൾട്ടികളെ ആശ്രയിക്കേണ്ടി വരുന്നതും കാണുന്നുണ്ട്. യുവന്റസിൽ നിരവധി അവസരങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള താരങ്ങൾ ഇല്ലാത്തതും റൊണാൾഡോയുടെ ഗോളടി കുറയാൻ കാരണമാണ്.