ഡി റോസിയുടെ വിടവാങ്ങൽ, പ്രതിഷേധമുയർത്തി റോമ ആരാധകർ

ഡാനിയേലെ ഡി റോസ്സി ഈ സീസണോട് കൂടി ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് കനത്ത പ്രതിഷേധവുമായി റോമ ആരാധകർ രംഗത്ത്. റോമയുടെ പ്രസിഡണ്ട് ജെയിംസ് പാലോട്ടയുടെ നിർബന്ധപ്രകാരമാണ് ഡി റോസ്സി വിരമിക്കുന്നതെന്ന വാർത്ത പരിശീലകൻ റാനിയേരി സ്ഥിതികരിച്ചിരുന്നു. മോശം ട്രാൻസ്ഫർ പോളിസിയിലൂടെ സൂപ്പർ താരങ്ങളെ കൈവിട്ട റോമ ഏറെ വിമര്ശനങ്ങള് ആരാധകരുടെ ഭാഗത്ത് നിന്നും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

അതിനു പിന്നാലെയാണ് ഡി റോസിയുടെ ക്ലബ്ബ് വിടവാങ്ങൽ പ്രഖ്യാപനം. ജെയിംസ് പാലോട്ട, ഉപേദശകൻ ഫ്രാങ്കോ ബാൽദിനി എന്നിവർക്കെതിരെയാണ് ആരാധകർ പ്രതിഷേധമുയർത്തുന്നത്. പ്രതിഷേധിച്ച ആരാധകരുമായി റാനിയേരിയും ഡി റോസിയും സ്പോർട്ടിങ് ഡയറക്ടറും ചർച്ച നടത്തിരുന്നു. ഡി റോസി റോമയ്‌ക്കൊപ്പം 2 തവണ കോപ്പ ഇറ്റലിയയും, ഒരു സൂപ്പർ കോപ്പ കിരീടവും നേടിയിട്ടുണ്ട്. ഇറ്റലി ദേശീയ ടീമിന് വേണ്ടി 117 മത്സരങ്ങൾ കളിച്ച താരം 2006 ൽ ലോകകപ്പ് നേടിയ ദേശീയ ടീമിൽ അംഗമായിരുന്നു.