സീസണിന്റെ അവസാനത്തോടെ റനിയേരി റോമാ വിടും

Staff Reporter

ഈ സീസണിന്റെ അവസാനത്തോടെ താൻ റോമയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന് മുൻ ലെസ്റ്റർ പരിശീലകൻ ക്ലോഡിയോ റനിയേരി. കഴിഞ്ഞ മാർച്ചിലാണ്‌ റനിയേരി റോമയുടെ താത്കാലിക പരിശീലകനായി ചുമതലയേറ്റത്. ജോകോനോവിച്ചിനെ പുറത്താക്കിയതിനെ തുടർന്ന് റനിയേരി പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാമിന്റെ ചുമതലയേറ്റെടുത്തിരുന്നു. എന്നാൽ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഫുൾഹാമിന്‌ കഴിയാതെ പോയതോടെ ഫെബ്രുവരിയിൽ റനിയേരിയെ ഫുൾഹാം പുറത്താക്കിയിരുന്നു.

തുടർന്നാണ് റനിയേരി റോമയുടെ താത്കാലിക പരിശീലകനായി ചുമതലയേറ്റെടുത്തത്. 2009-2011 കാലഘട്ടത്തിലും റനിയേരി റോമയുടെ പരിശീലകനായിരുന്നു. ഒരു ആരാധകനെന്ന നിലയിൽ റോമയെ സഹായിക്കാൻ വേണ്ടിയാണു താൻ ചുമതലയേറ്റതെന്നും ഈ സീസണിന്റെ അവസാനം വരെ റോമയെ പരിശീലിപ്പിക്കുകയായിരുന്നു തന്റെ ദൗത്യമെന്നും റനിയേരി പറഞ്ഞു. സീരി എയിൽ മത്സരം മാത്രം ബാക്കി നിൽക്കെ റോമാ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ചാമ്പ്യൻസ് യോഗ്യതക്ക് ഇപ്പോഴും മൂന്ന് പോയിന്റ് പിന്നിലാണ് റോമാ.

9 മത്സരങ്ങളിൽ റോമയെ ഈ സീസണിൽ പരിശീലിപ്പിച്ച റനിയേരി 4 മത്സരങ്ങൾ ജയിക്കുകയും 3 എണ്ണം സമനിലയിലാക്കുകയും ചെയ്തിരുന്നു. വെറും രണ്ടു മത്സരം മാത്രമാണ് റനിയേരിക്ക് കീഴിൽ റോമാ പരാജയമറിഞ്ഞത്. മുൻ ചെൽസി പരിശീലകനായ അന്റോണിയോ കൊണ്ടെയുടെ പേരാണ് റോമാ പരിശീലകനാവാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ മുൻപിലുള്ളത്.