പോഗ്ബ ഉടനെ മടങ്ങിയെത്തും, സൂചനയുമായി താരത്തിന്റെ ഏജന്റ്

Nihal Basheer

പരിക്കും വ്യക്തിപരമായ പ്രശ്നങ്ങളുമായി കരിയറിലെ വലിയൊരു പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന പോൾ പോഗ്ബയുടെ മടങ്ങി വരവ് ഉടനെ ഉണ്ടാകുമെന്ന സൂചനകളുമായി താരത്തിന്റെ ഏജന്റ് റഫേലാ പിമെന്റാ. ടുട്ടോസ്‌പോർട്ടുമായുള്ള അഭിമുഖത്തിനിടെയാണ് അദ്ദേഹം ഫ്രഞ്ച് താരത്തിന്റെ മടങ്ങി വരവിനെ കുറിച്ചു സൂചിപ്പിച്ചത്. പോഗ്ബയുടെ പ്രശ്നങ്ങൾ എല്ലാം അദ്ദേഹം വറുതിയിൽ ആക്കിയെന്നും നിലവിൽ അഭിഭാഷകരുടെ കൈയിൽ ആണുള്ളതെന്നും സമീപ കാലത്ത് താരം സ്വന്തം സഹോദരൻ കൂടി ഉൾപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളെ അധികരിച്ചു കൊണ്ട് പിമെന്റ പറഞ്ഞു.

20221017 പോഗ്ബ

“എല്ലാം സ്വയം പരിഹരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതോടെയാണ് കാര്യങ്ങൾ പുറത്തു പറയാനും നിയമത്തിന്റെ വഴിക്ക് നീങ്ങാനും പോഗ്ബ ധൈര്യപെട്ടത്. തന്നോട് പോലും വൈകിയാണ് ഇതേ കുറിച്ച് സംസാരിച്ചത്.” അദ്ദേഹം കൂടിച്ചെർത്തു.

എന്നാൽ എല്ലാ പ്രതിസന്ധികളും മറികടക്കാൻ ഉള്ള നിശ്ചയദാർഢ്യം പോഗ്ബക്ക് ഉണ്ടെന്നും പിമെന്റ ചൂണ്ടിക്കാട്ടി. “കുറച്ചു ആഴ്ചകൾക്ക് മുന്നേ പോഗ്ബ തന്നോട് സംസാരിച്ചു. കഴിഞ്ഞ കാലത്തെ കുറിച്ചു ചിന്തിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല, കാലിനേറ്റ പരിക്ക് ബേധമായി എത്രയും പെട്ടെന്ന് കളത്തിലേക്ക് തിരിച്ചു വരാൻ അദ്ദേഹം ആഗ്രഹിക്കുന്നു” പിമേന്റാ പറഞ്ഞു.

എജെന്റിന്റെ വെളിപ്പെടുത്തലോടെ പോഗ്ബയുടെ ലോകകപ്പ് സാധ്യതകളും വീണ്ടും ഉയർന്നിരിക്കുകയാണ്. ലോകകപ്പ് മുന്നിൽ കണ്ടാണ് പരിക്കേറ്റ സമയത്ത് ശസ്ത്രക്രിയ ഒഴിവാക്കാൻ താരം തീരുമാനിച്ചത്.