നാപോളിയിൽ തന്നെ തുടരാനാണ് ആഗ്രഹം, പക്ഷെ ഒരു ഓഫറും ഇതുവരെ ലഭിച്ചിട്ടില്ല

ഡ്രൈസ് മെർട്ടൻസ് താൻ നാപ്പോളിയിൽ തുടരാൻ തന്നെയാണ് ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞു. ക്ലബ്ബിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്‌കോറർ ആയ മെർട്ടൻസിന്റെ കരാർ ജൂൺ 30-ന് അവസാനിക്കാൻ ഇരിക്കുകയാണ്. അദ്ദേഹത്തിന്റെ കരാറിൽ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ ഒരു ഓപ്ഷൻ ഉണ്ടായിരുന്നു എങ്കിലും നാപോളി ഇതുവരെ അതും ചെയ്തിട്ടില്ല.

“അടുത്ത സീസണിൽ ഞാൻ എവിടെ കളിക്കുമെന്ന് എനിക്കറിയില്ല” മെർട്ടൻസ് പറഞ്ഞു. “ഞാൻ നാപോളിയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു, പക്ഷേ അതിൽ കൂടുതലൊന്നും എനിക്ക് പറയാൻ കഴിയില്ല. ഞാൻ തുടരുമെന്ന് പ്രതീക്ഷിക്കുന്നു, പക്ഷേ എനിക്ക് ഇതുവരെ ഓഫറുകളൊന്നും ലഭിച്ചിട്ടില്ല” മെർടൻസ് പറഞ്ഞു.

റോമയും ലാസിയോയും മെർട്ടൻസിനായി ഇപ്പോൾ ശ്രമിക്കുന്നുണ്ട്‌‌. 35കാരനായ മെർടൻസ് കഴിഞ്ഞ സീസണിൽ നാപ്പോളിക്കായി 37 മത്സരങ്ങളിൽ നിന്ന് 13 തവണ ഗോൾ നേടിയിരുന്നു.