ഒഴിവാക്കാനുദ്ദേശിച്ച താരം നിലവിൽ ഒന്നാം കീപ്പർ, മെറെറ്റിന്റെ കരാർ നീട്ടാൻ നാപോളി

സീസണിന് മികച്ച ഫോമിൽ ആരംഭം കുറിച്ചിരിക്കുകയാണ് നാപോളി. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ടീം, തങ്ങളുടെ പ്രകടനത്തിൽ നിർണായമായിക്കോണ്ടിരിക്കുന്ന ഗോൾ കീപ്പർ അലക്‌സ് മെറെറ്റിന് കരാർ നീട്ടി നൽകുന്നു. ഇത് സംബന്ധിച്ച് ടീമും താരവും തമ്മിൽ ധാരണയിൽ എത്തിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. നിലവിലെ കരാർ ഈ സീസണോടെ അവസാനിക്കാൻ ഇരിക്കെയാണ് ഒരു വർഷത്തേക്ക് കൂടി താരത്തിന്റെ കരാർ നീട്ടാൻ നപോളി തീരുമാനിച്ചത്. 2024 വരെയുള്ള കരാറിൽ വീണ്ടും ഒരു വർഷത്തേക്ക് കൂടി നീട്ടാൻ ഉള്ള സാധ്യതയും നപോളി ചേർത്തേക്കും.

നേരത്തെ ഡേവിഡ് ഓസ്പിനക്കൊപ്പം ടീമിന്റെ രണ്ടാം കീപ്പർ ആയിരുന്നു മെറെറ്റ്. എന്നാൽ ഓസ്പിന ടീം വിട്ടതിന് പിറകെ മെറെറ്റിനേയും ഒഴിവാക്കാൻ ആയിരുന്നു നപോളിയുടെ പദ്ധതി. എന്നാൽ ലക്ഷ്യം വെച്ച കെയ്‌ലർ നവാസ്, കെപ്പാ എന്നിവരെ എത്തിക്കാൻ കഴിയാതെ ഇരുന്ന നപോളി, മെറെറ്റിനെ ടീമിൽ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. ടീമിന്റെ വിശ്വാസം കാക്കുന്ന പ്രകടനമാണ് നിലവിൽ താരം പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ഇതിന് പിറകെയാണ് കരാർ നീട്ടാനുള്ള നീക്കങ്ങളുമായി നപോളി മുന്നോട്ടു വന്നത്.