മിലാന് വീണ്ടും നിരാശ

എ സി മിലാന്റെ ലീഗ് കിരീട പ്രതീക്ഷ തകരുകയാണ്‌. ഒരു മത്സരത്തിൽ കൂടെ അവർ പോയിന്റ് നഷ്ടപ്പെടുത്തി. ഇന്നലെ ഉഡിനെസെയ്ക്ക് എതിരായ മത്സരത്തിൽ ആണ് പിയോളിയുടെ ടീമിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്‌. ഇതോടെ മിലാന്റെ രണ്ടാം സ്ഥാനവും ഭീഷണിയിൽ ആയിരിക്കുകയാണ്. മിലാൻ ഇന്നലെ ഇഞ്ച്വറി ടൈമിൽ കിട്ടിയ ഒരു പെനാൾട്ടി കൊണ്ടാണ് 1-1 എന്ന സമനില നേടിയത്.

മത്സരത്തിന്റെ 68ആം മിനുട്ടിൽ ബെകാവോ ആണ് ഉഡിനെസെക്ക് ലീഡ് നൽകിയത്. കളിയിൽ ഉടനീളം അവസരങ്ങൾ സൃഷ്ടിക്കാൻ പാടുപെട്ട മിലാന് അവസാനം 90ആം മിനുട്ടിൽ ഒരു പെനാൾട്ടി ലഭിക്കുകയാണ്. പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് കെസ്സി മിലാന് സമനില നൽകുകയും ചെയ്തു. 25 മത്സരങ്ങളിൽ 53 പോയിന്റുമായി രണ്ടാമത് നിൽക്കുകയാണ് മിലാൻ. ഒരു മത്സരം കുറവ് കളിച്ച യുവന്റസ് 49 പോയിന്റുമായി മിലാന്റെ തൊട്ടുപിറകിൽ ഉണ്ട്.