സീരി എയിലെ ഒന്നാം സ്ഥാനക്കാരായ എ സി മിലാൻ വിജയ വഴിയിൽ തിരികെയെത്തി. മികച്ച ഫോമിൽ ഉള്ള സസുവോളയെ നേരിട്ട എ സി മിലാൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. ആദ്യ പകുതിയിലെ മികച്ച പ്രകടനമാണ് മിലാന് വിജയം നൽകിയത്. സീരി എയിലെ ഏറ്റവും വേഗതയാർന്ന ഗോളാണ് ഇന്ന് എ സി മിലാൻ നേടിയത്. സസുവോളയ്ക്ക് എതിരെ ഇന്ന് ഇറങ്ങിയ മിലാൻ കളി തുടങ്ങി കിക്കോഫിൽ നിന്ന് നേരെ രണ്ട് പാസുകൾ കൊണ്ട് ഗോളവലയ്ക്ക് മുന്നിൽ എത്തുക ആയിരുന്നു. റാഫേൽ ലിയോ പന്ത് വലയിൽ എത്തിക്കുമ്പോൾ ഏഴു സെക്കൻഡ് പോലും ആയിരുന്നില്ല.
പയോളോ പോഗിയുടെ 19 വർഷം മുമ്പുള്ള റെക്കോർഡാണ് ഇന്ന് ലിയോ തകർത്തത്. 2001ൽ ഉഡിനെസെയ്ക്ക് വേണ്ടി കളിക്കുമ്പോൾ പോഗോ നേടിയ ഗോളായിരുന്നു ഇതുവരെയുണ്ടായിരുന്ന വേഗതയുള്ള ഗോളിന്റെ റെക്കോർഡ്. അന്ന് 8 സെക്കൻഡിൽ ആയിരുന്നു ഉഡിനെസെ ഗോൾ നേടിയത്. 26ആം മിനുട്ടിൽ സെലമേകർ മിലാന്റെ രണ്ടാം ഗോളും നേടി. 89ആം മിനുട്ടിൽ മാത്രമാണ് സസുവോളയ്ക്ക് ഗോൾ മടക്കാൻ ആയത്. ബെറാർശി ആണ് ഗോൾ നേടിയത്. പക്ഷെ അപ്പോഴേക്ക് കളി കൈവിട്ടിരുന്നു.
13 മത്സരങ്ങളിൽ 31 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുക ആണ് മിലാൻ.