സീരി എ; വൻ വിജയവുമായി ലാസിയോ മൂന്നാം സ്ഥാനത്തേക്ക്

സീരി എയിൽ ഫോം തുടർന്ന് ലാസിയോ. സ്പെസിയയെ നാല് ഗോളിന് തകർത്ത് സാരിയുടെ ടീം ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. ഇരട്ട ഗോളുകളുമായി സാവിച്ച് കളം നിറഞ്ഞപ്പോൾ മറ്റ് ഗോളുകൾ റോമഗ്നോളി,സക്കഗ്നി എന്നിവർ നേടി. എട്ട് മത്സരങ്ങളിൽ നിന്നും എട്ട് പോയിന്റുമായി സ്പെസിയ പന്ത്രണ്ടാം സ്ഥാനത്താണ്.

ലാസിയോ 183055

ഏതൻ അമ്പാഡു ലാസിയോ മുന്നേറ്റ താരം ഇമ്മോബിലെയെ വീഴ്ത്തിയതിന് ആദ്യ മിനിറ്റിൽ തന്നെ റഫറി പെനാൽറ്റിയിലേക്ക് വിരൽ ചൂണ്ടിയത് കണ്ടാണ് മത്സരം ഉണർന്നത്. പെനാൽറ്റി എടുത്ത ഇമ്മോബിലെക്ക് ലക്ഷ്യം കാണാൻ ആയില്ല. പന്ത്രണ്ടാം മിനിറ്റിൽ ആദ്യ ഗോൾ എത്തി. ഫെലിപെ ആൻഡേഴ്‌സന്റെ പാസിൽ സക്കാഗ്നി ആണ് ഗോൾ നേടിയത്. ഇരുപത്തിനാലാം മിനിറ്റിൽ റോമഗ്നോളി ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിലാണ് സാവിച്ചിന്റെ ഗോളുകൾ വന്നത്. സക്കാഗ്നിയുടെ തന്നെ അസിസ്റ്റിൽ അറുപതിയൊന്നാം മിനിറ്റിൽ താരം തന്റെ ആദ്യ ഗോൾ കണ്ടെത്തി. മുഴുവൻ സമയത്തിന്റെ ഇഞ്ചുറി ടൈമിൽ അടുത്ത ഗോളും നേടി താരം സ്പെസിയക്ക് മുകളിൽ അവസാനത്തെ ആണിയും അടിച്ചു.