കേരള ബ്ലാസ്റ്റേഴ്സ് വനിതകളുടെ വിജയക്കുതിപ്പ്; ലൂക്കാ എഫ്സിക്കെതിരെ നാല് ഗോൾ ജയം

Picsart 22 10 02 18 26 43 233

കൊച്ചി: ഒക്ടോബര്‍ 02, 2022: ലൂക്കാ എസ്‌സിയെ നാല് ഗോളന് തകര്‍ത്ത് കേരള വനിതാ ഫുട്‌ബോള്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ അപരാജിത യാത്ര. എട്ട് കളിയില്‍ ഏഴാം ജയമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. ഒരു മത്സരം നേരത്തെ സമനിലയിൽ അവസാനിച്ചിരുന്നു. ലൂക്കയ്‌ക്കെതിരെ അപുര്‍ണ ബ്ലാസ്‌റ്റേഴ്‌സിനായി ഇരട്ടഗോളടിച്ചു. സുനിതയും കിരണും മറ്റ് ഗോളുകള്‍ നേടി.

നിസാറി കേരള ബ്ലാസ്റ്റേഴ്സ് ഗോള്‍വലയ്ക്ക് മുന്നില്‍നിന്നു. സുനിത മുണ്ട, സി സിവിഷ, അപുര്‍ണ നര്‍സാറി, പി മാളവിക, ടി ജി ഗാഥ, പിങ്കി കശ്യപ്, എം അഞ്ജിത, പോലി കോലെയ്, പി അശ്വതി, കിരണ്‍ എന്നിവരും ബ്ലാസ്‌റ്റേഴ്‌സിനായി അണിനിരന്നു. ഇ എം വര്‍ഷയായിരുന്നു ലൂക്കയുടെ ഗോള്‍ കീപ്പര്‍. കെ എം അതുല്യ, ആര്‍ രുബശ്രീ, കെ എം അഞ്ജിത, എം ജോതിലക്ഷ്മി, പി എസ് ദേവി രോഹിണി, ഒ പി രേവതി, ബി ആര്‍ ജൈത്ര, കുശ്ബൂ കുമാരി, കെ പി അശ്വതി, അല്‍പന കുജുര്‍ എന്നിവരും ലൂക്കയ്ക്കായി കളത്തിലിറങ്ങി.

Img 20221002 Wa0094

തുടക്കംമുതല്‍ ബ്ലാസ്‌റ്റേഴ്‌സ് കളംപിടിച്ചു. ആറാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍. ഇടതുഭാഗത്ത് സുനിത നടത്തിയ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ മികച്ചൊരു പാസ് ഗോള്‍മുഖത്ത് അപുര്‍ണയ്ക്ക് കിട്ടി. അപുര്‍ണയുടെ ഷോട്ട് ലൂക്കാ ഗോള്‍ കീപ്പര്‍ വര്‍ഷയെ മറികടന്നു. തുടര്‍ന്നും ഇടതുഭാഗത്ത് സുനിത മികച്ച മുന്നേറ്റങ്ങള്‍ നടത്തി. എങ്കിലും ആദ്യ അരമണിക്കൂറില്‍ ലീഡ് വര്‍ധിപ്പിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞില്ല.

മുപ്പത്തിമൂന്നാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍നേട്ടം രണ്ടാക്കി. ക്യാപ്റ്റന്‍ മാളവികയുടെ തകര്‍പ്പന്‍ നീക്കം. നേരെ ബോക്‌സില്‍. ഇടതുഭാഗത്ത് സുനിതയിലേക്ക് ക്രോസ് നല്‍കി. സുനിത അനായാസം പന്ത് വലയിലാക്കി. ആദ്യപകുതിക്ക് തൊട്ടുമുമ്പ് സുനിതമാളവികഅപുര്‍ണ സഖ്യം നേട്ടം മൂന്നാക്കി. സുനിതയുടെ മറ്റൊരു മനോഹര നീക്കം. ഗോള്‍മുഖത്തേക്ക് ക്രോസ്. അപുര്‍ണ ലക്ഷ്യം കണ്ടു. മൂന്ന് ഗോള്‍ ലീഡുമായി ബ്ലാസ്‌റ്റേഴ്‌സ് ആദ്യപകുതി അവസാനിപ്പിച്ചു.

രണ്ടാംപകുതിയും ബ്ലാസ്‌റ്റേഴ്‌സ് തന്നെ ഭരിച്ചു. ഇടവേളകഴിഞ്ഞുള്ള അഞ്ചാം മിനിറ്റില്‍ തന്നെ ഗോളെണ്ണം നാലായി. കിരണിന്റെ മനോഹര ഗോള്‍. മിന്നുന്ന വോളി വര്‍ഷയ്ക്ക് എത്തിപ്പിടിക്കാനായില്ല. രണ്ട് മിനിറ്റിനിടെ കിരണിന്റെ മറ്റൊരു മികച്ച വോളി പുറത്തുപോയി. അറുപതാം മിനിറ്റില്‍ മാളവികയുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. അവസാന നിമിഷങ്ങളില്‍ കടുത്ത ആക്രമണമാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്തത്. പക്ഷേ, ഒന്നും ലക്ഷ്യം കണ്ടില്ല. ഒടുവില്‍ നാല് ഗോള്‍ ജയവുമായി ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചുകയറി.

അവസാന മത്സരത്തില്‍ ഒക്ടോബര്‍ ഒമ്പതിന് ഗോകുലം കേരള എഫ്‌സിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം. കോഴിക്കോടാണ് വേദി.