അണ്ടർ 23 മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ യുവന്റസ് യുവതാരം കൈയോ ജോർജിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി ക്ലബ് അറിയിച്ചു. 20-കാരനായ ബ്രസീലിയൻ ഫോർവേഡ് സീരി സി ടീമായ അറോറ പ്രോ പാട്രിയയ്‌ക്കെതിരെ കളിക്കുന്നതിനിടെ ആണ് വലതു കാൽമുട്ടിന് പരിക്കേറ്റത്. താരം എട്ടു മാസത്തോളം പുറത്തിരിക്കേണ്ടി വരും എന്ന് ക്ലബ് ഇന്ന് അറിയിച്ചു.
ഈ സീസണിൽ മാസിമിലിയാനോ അല്ലെഗ്രിയുടെ ടീമിൽ ഇടംപിടിക്കാൻ ബ്രസീലിയൻ യുവ മുന്നേറ്റക്കാരൻ പാടുപെട്ടിരുന്നു. ഒമ്പത് സീരി എ മത്സരങ്ങളിൽ 113 മിനിറ്റ് മാത്രം ആണ് താരം ഇതുവരെ സീനിയർ ടീമിനായി കളിച്ചത്. സാന്റോസിനായി 80 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ നേടിയ താരമാണ് ജോർജ്.