ഇന്ന് തുടർച്ചയായ എട്ടാം ലീഗ് കിരീടം ഉയർത്താമെന്ന യുവന്റസിന്റെ മോഹത്തിന് തിരിച്ചടി നൽകി കുഞ്ഞൻ ക്ലബായ സ്പാൽ. ഇന്ന് കിരീടം ഉറപ്പിക്കാൻ ഒരു പോയിന്റ് മാത്രം മതിയായിരുന്ന യുവന്റസിനെ സ്പാൽ പരാജയപ്പെടുത്തിയതോടെയാണ് യുവന്റസിന്റെ കാത്തിരിപ്പ് നീളും എന്ന് ഉറപ്പായത്. ഒരു ഗോളിന് പിറകിൽ നിന്ന് ശേഷം തിരിച്ചടിച്ച് 2-1നാണ് സ്പാൽ വിജയിച്ചത്.
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഉള്ളതിനാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെ പ്രധാന താരങ്ങളെ ഒക്കെ പുറത്തിരുത്തി ആണ് യുവന്റസ് ഇന്ന് ഇറങ്ങിയത്. താളം കണ്ടെത്താൻ ആയില്ല എങ്കിലും ആദ്യ പാദത്തിൽ ഒരു ഗോളിന് മുന്നിൽ എത്താൻ യുവന്റസിനായി. യുവതാരം കീൻ ആയിരുന്നു ആ ഗോൾ നേടിയത്. എന്നാൽ ആ ഗോളോടെ കിരീടം ഉറപ്പായി എന്ന് ധരിച്ച യുവന്റസിന് സ്പാൽ പണി കൊടുത്തു. 49ആം മിനുട്ടിൽ ബൊനുഫസിയുടെ ഹെഡറും 74ആം മിനുട്ടിൽ ഫ്ലൊകാരിയുടെ ഫിനിഷും കളി മാറ്റി മറിച്ചു. 2-1ന്റെ വിജയം സ്പാലിന് സ്വന്തം.
പരാജയത്തോടെ 32 മത്സരത്തിൽ 84 പോയിന്റാണ് ഇപ്പോൾ യുവന്റസിന് ഉള്ളത്. രണ്ടാമതുള്ള നാപോളിക്ക് 64 പോയിന്റും. ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാൽ പോലും നാപോളിക്ക് 85 പോയിന്റ് മാത്രമേ ആകു. അതുകൊണ്ട് തന്നെ അവസാന ആറു മത്സരങ്ങളിൽ ഒരു പോയന്റ് മാത്രം മതി യുവന്റസിന് കിരീടം നേടാൻ.