റൊണാൾഡോയെ പുരത്തിരുത്തി ജനോവയെ ചെറുതായി കണ്ട യുവന്റസിന് സീരി എ യിൽ പണി കിട്ടി. എതിരില്ലാത്ത 2 ഗോളുകൾക്ക് യുവന്റസിന് തോൽവി. ഈ സീസണിൽ ഇറ്റാലിയൻ ചാംപ്യന്മാരുടെ ആദ്യ തോൽവിയാണ് ഇത്. എങ്കിലും രണ്ടാം സ്ഥാനക്കാരായ നാപോളിയുമായി 17 പോയിന്റ് മുന്നിൽ നിൽക്കുന്ന അവർക്ക് കിരീട പോരാട്ടത്തിൽ ഈ തോൽവി പ്രശ്നമാകാനിടയില്ല.
ലീഗിൽ പതിനൊന്നാം സ്ഥാനക്കാരായ ജനോവ കാര്യമായ വെല്ലുവിളി ആകാൻ സാധ്യതയില്ല എന്ന കണക്ക് കൂട്ടലിൽ സൂപ്പർ താരം റൊണാൾഡോക്ക് വിശ്രമം അനുവദിച്ച അല്ലേഗ്രിയുടെ തീരുമാനം പിഴച്ചു എന്നത് മത്സരത്തിന്റെ തുടക്കം മുതൽ പ്രകടമായിരുന്നു. യുവന്റസ് ആക്രണത്തെ പഴുതില്ലാതെ തടുത്ത അവർ ഒരു ഷോട്ട് പോലും പായിക്കാൻ യുവേയെ അനുവദിച്ചില്ല.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 72 ആം മിനുട്ടിലാണ് ജനോവയുടെ ആദ്യ ഗോൾ പിറന്നത്. സ്റ്റെഫാനോ സ്റ്റുരാരോ ആണ് ഗോൾ നേടിയത്. പിന്നീട് ഗോരൻ പാണ്ഡേവ് ജനോവയുടെ രണ്ടാം ഗോളും നേടി ജയം ഉറപ്പാക്കിയതോടെ ഈ സീസണിലെ സീരി എ യിലെ ഏറ്റവും വലിയ അട്ടിമറിക്ക് കളമൊരുങ്ങി. കളി അവസാനിച്ചപ്പോൾ ടാർഗറ്റിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാനാവാതെ യുവന്റസ് തോൽവി.