യുവന്റസും ഇന്റർ മിലാനും തമ്മിലുള്ള മത്സരത്തിന് കാണികളെ പ്രവേശിപ്പിക്കില്ല

Newsroom

ഇറ്റലിയിലെ കൊറോണ വൈറസ് ഭീതി കണക്കിൽ എടുത്ത് സീരി എ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിലേക്ക് മാറ്റുകയാണ്. സീരി എയിലെ വലിയ മത്സരമായ യുവന്റസ് ഇന്റർ മിലാൻ പോരാട്ടം ഉൾപ്പെടെ ആറു ലീഗ് മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ ആകും നടക്കുക. ഇറ്റലിയിലെ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഒക്കെ കായിക മത്സരങ്ങൾ നിരോധിച്ചിരിക്കുകയാണ്. എങ്കിലും സീരി എ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ കായിക മന്ത്രി അനുവദിച്ചിരിക്കുകയാണ്.

നേരത്തെ ഇന്ററിന്റെ യൂറോ കപ്പ് മത്സരവും ഇതേ പോലെ കാണികളെ പ്രവേശിപ്പിക്കാതെ നടത്താൻ തീരുമാനിച്ചിരുന്നു. മാർച്ച് 2നാണ് യുവന്റസും ഇന്റർ മിലാനും തമ്മിലുള്ള പോരാട്ടം നടക്കുന്നത്. ടൂറിനിൽ വെച്ച് നടക്കുന്ന മത്സരം കിരീട പോരാട്ടത്തിൽ നിർണായകമാണ്. യുവന്റസ് ലീഗിൽ ഒന്നാമതും ഇന്റർ മിലാൻ ലീഗിൽ മൂന്നാമതുമാണ് ഉള്ളത്. ഇറ്റലിയിൽ കൊറോണ ബാധിച്ച് ഇതുവരെ ഏഴു പേർ മരണപ്പെട്ടിട്ടുണ്ട്.