ടീമിലെ ഒരു താരം തങ്ങളെ ചതിച്ചു,താരത്തിനു ജനുവരിയിൽ പുതിയ ക്ലബ് കണ്ടത്താം – ജോസെ മൊറീന്യോ

ഇറ്റാലിയൻ സീരി എയിൽ സമീപകാലത്തെ എ.എസ് റോമയുടെ മോശം പ്രകടനത്തിന് പിന്നാലെ ടീമിൽ മോശം പ്രകടനം നടത്തിയ താരത്തിന് എതിരെ തുറന്നടിച്ചു പരിശീലകൻ ജോസെ മൊറീന്യോ. അവസാന മത്സരത്തിൽ സസുവോളക്ക് എതിരായ സമനിലക്ക് കാരണം ടീമിനെ ഒന്നടങ്കം ചതിച്ച പ്രഫഷണൽ സമീപനം ഇല്ലാത്ത താരത്തിന്റെ പെരുമാറ്റം ആണെന്ന് മൊറീന്യോ തുറന്ന് അടിച്ചു. തെറ്റുകൾ വരുത്തുന്നത് താൻ ക്ഷമിക്കും എന്നാൽ മോശം പെരുമാറ്റ രീതി പൊറുക്കാൻ തനിക്ക് ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടീമിലെ 16 പേരിൽ എന്നാൽ ഈ താരത്തിന്റെ പേര് പറയാൻ മൗറീന്യോ തയ്യാറായില്ല. ജനുവരിയിൽ ഈ താരത്തിന് പുതിയ ക്ലബ് കണ്ടുപിടിക്കേണ്ടി വരും എന്നും മൗറീന്യോ കൂട്ടിച്ചേർത്തു. തന്റെ കടുത്ത നിലപാടുകൾ കൊണ്ടു പ്രസിദ്ധനായ മൊറീന്യോ ഈ താരത്തിന് മാപ്പ് നൽകില്ല എന്നുറപ്പാണ്. നിലവിൽ 14 കളികളിൽ നിന്നു 26 പോയിന്റുകൾ നേടിയ റോമ ലീഗിൽ ഏഴാം സ്ഥാനത്ത് ആണ്. ലോകകപ്പിന് മുമ്പ് നാളെ ടൊറീനയെ ആണ് റോമ അവസാനം നേരിടുക.